ഇടുക്കി: ഡിജിറ്റല്‍ ഭൂ സര്‍വേ നടപടികളില്‍ ആശങ്കകളോടെ കര്‍ഷക കുടുംബങ്ങൾ. കുടിയിറക്ക് ഭീഷണി നേരിടുന്ന ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ കര്‍ഷകര്‍ ഭൂമി നഷ്‌ടപെടുമോ എന്ന ആശങ്കയിലാണ്. കൈവശ ഭൂമി എങ്ങനെ രേഖപെടുത്തുമെന്ന കാര്യത്തില്‍ ഇവർക്ക് വ്യക്തതയില്ല.
ചിന്നക്കനാല്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ സഭകള്‍ പുരോഗമിക്കുകയാണ്. ഇത്തരം യോഗങ്ങളില്‍ കൈവശ ഭൂമി, എങ്ങനെ രേഖപെടുത്തുമെന്ന് സംബന്ധിച്ച് കര്‍ഷകര്‍ ചോദ്യം ഉന്നയിച്ചെങ്കിലും അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയ സിങ്കുകണ്ടത്തെ കർഷക കുടുംബങ്ങളെ കൈയേറ്റക്കാരാണെന്ന് ചിത്രീകരിച്ച് ഒഴിപ്പിക്കാനുള്ള നീക്കം നടന്നിരുന്നു. ഇതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയ്ക്ക് 15 ലക്ഷം രൂപ വീതം നല്‍കി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്‍റെ ശ്രമവും ആശങ്കയോടെയാണ് കര്‍ഷകര്‍ വീക്ഷിയ്ക്കുന്നത്. മേഖല വനമാക്കി മാറ്റാനുള്ള ശ്രമത്തിന് മുന്നോടിയായാണ്, റവന്യു വകുപ്പിന്‍റെ സര്‍വേ നടക്കുന്നത് എന്ന ആശങ്കയുമുണ്ട്. വിഷയത്തില്‍, ജനപ്രതിനിധികളുടേയും കര്‍ഷകരുടേയും യോഗം വിളിച്ച് ചേര്‍ക്കാന്‍ കലക്‌ടര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.