ഇടുക്കി : ധീരജ് വധക്കേസില്‍ ഇടുക്കിയില്‍ വീണ്ടും വാക്പോരും അധിക്ഷേപങ്ങളും തുടരുന്നു. പരലോകത്ത് ചെന്നേ നിഖില്‍ പൈലിയ്ക്ക് സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിയ്ക്കൂവെന്ന് സിപിഎം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്. ധീരജ് കഞ്ചാവ് അടിച്ച് നടന്നിരുന്നവനാണെന്നും സി.വി വര്‍ഗീസിന്‍റെ ജല്‍പനങ്ങളെ പട്ടി ഓരിയിടുന്നത് പോലെ മാത്രമേ കാണുന്നുള്ളൂവെന്നും ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു. ഇരുവരും നെടുങ്കണ്ടത്ത് വ്യത്യസ്ഥ യോഗങ്ങളിലാണ് വിവാദ പരമാര്‍ശങ്ങള്‍ നടത്തിയത്.
നിഖില്‍ പൈലി ഇനി ജീവിതാന്ത്യം വരെ കാരാഗൃഹത്തില്‍ ആയിരിക്കും. കെ. സുധാകരനും കോണ്‍ഗ്രസ് മുഴുവനും വന്നാലും രക്ഷിയ്ക്കാനാവില്ല. അതിനാവശ്യമായ കരുത്തും ശക്തിയും പാര്‍ട്ടിയ്ക്കുണ്ടെന്ന് സി.വി വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് രക്തസാക്ഷി അനീഷ് രാജന്‍ അനുസ്‌മരണ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു സി.വി വര്‍ഗീസ്.
Also read: ധീരജ് വധക്കേസ് : നിഖിൽ പൈലി ഒഴികെയുള്ള അഞ്ച് പ്രതികള്‍ക്ക് ജാമ്യം
ധീരജിനെ കഞ്ചാവടിച്ച് നടന്നിരുന്നവനെന്ന് അധിക്ഷേപിച്ചാണ് ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു, സിപിഎം ജില്ല സെക്രട്ടറിയ്ക്ക് മറുപടി നല്‍കിയത്. ഓരിയിടുന്ന പട്ടിയെ നിലയ്ക്ക് നിര്‍ത്താന്‍ യജമാനന്‍ ചെയ്യുന്ന പണി ചെയ്യിപ്പിയ്ക്കരുത്. നല്ല വണ്ടി ഇടിച്ചാലും പല പട്ടിയും വഴിയില്‍ ചത്തുകിടക്കും. നിഖില്‍ പൈലിയെ വാണക്കുറ്റിയില്‍ കയറ്റി അയക്കുമെന്ന് പറഞ്ഞ വര്‍ഗീസ് അതേ പോലെ പോകേണ്ടി വരുമെന്നും സി.പി മാത്യു പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീമന്ദിരം ശശികുമാറിന്‍റെ അനുസ്‌മരണ ദിനാചരണത്തില്‍, നെടുങ്കണ്ടം ബാലഗ്രാമില്‍ സംസാരിയ്ക്കുകയായിരുന്നു സി.പി മാത്യു.
അതേസമയം, ധീരജ് വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മുഖ്യ പ്രതി നിഖില്‍ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവര്‍ക്കാണ് ജില്ല സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.