ഇടുക്കി: മൂന്നാര്‍ പള്ളിവാസലില്‍ റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും രംഗത്ത്. സര്ക്കാരിന്റെ നയവുമായി യോജിച്ച് പോകുന്നതല്ല കലക്‌ടറുടെ നടപടിയെന്ന് എസ്. രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ചട്ടവിരുദ്ധമായി നിര്‍മിച്ച മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദ് ചെയ്ത നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എസ്. രാജേന്ദ്രനും രംഗത്തെത്തിയത്.
ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ വഷളാക്കുന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരാണെന്ന് കെ.കെ ജയചന്ദ്രന്‍ പറഞ്ഞിരുന്നു . ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്ന സാഹചര്യത്തില്‍ അതെന്തെന്ന് അറിയാന്‍ കാത്ത് നില്‍ക്കാതെ ഇപ്പോള്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നും കെ.കെ ജയചന്ദ്രന്‍ പ്രതികരിച്ചിരുന്നു.
ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ 1964ലെയും 1993ലെയും ഭൂവിനിയോഗ നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്ക്കാരിന്റെ സജീവ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ തിടുക്കത്തില്‍ ഉദ്യോഗസ്ഥ നടപടിയുണ്ടായത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിമര്‍ശനം.