ഇടുക്കി: ദേവികുളം മണ്ഡലത്തിൽ വോട്ടിങ് പൂർത്തിയായി. തോട്ടം മേഖലയും കാര്‍ഷിക മേഖലയും ആദിവാസി മേഖലയും വിധിയെഴുതി. ഇടമലക്കുടിയില്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ 254 ബൂത്തുകളായിരുന്നു പോളിങിനായി ക്രമീകരിച്ചിരുന്നത്. രാവിലെ ഏഴു മുതല്‍ പോളിങ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിങ് പിന്നീട് വേഗത കൈവരിച്ചു. മണ്ഡലത്തില്‍ എവിടെയും പറയത്തക്ക ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് കേന്ദ്രങ്ങളിലൊക്കെയും പൊലീസിന്‍റെയും സായുധ സേനയുടെയും സാന്നിധ്യമുറപ്പുവരുത്തിയിരുന്നു.
മണ്ഡലത്തിലെ വരണാധികാരിയും ദേവികുളം സബ് കലക്‌ടറുമായ എസ് പ്രേംകൃഷ്ണന്‍ വിവിധ പോളിങ് കേന്ദ്രങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരട്ടവോട്ട് തടയാനായി പോളിങ് കേന്ദ്രങ്ങളിലൊക്കെയും കര്‍ശന ജാഗ്രതയും നിരീക്ഷണവും ബന്ധപ്പെട്ട വകുപ്പുകള്‍ പുലര്‍ത്തിയിരുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. മണ്ഡലത്തിന്‍റെ ഉള്‍മേഖലകളിലെ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 1690309 വോട്ടര്‍മാരാണ് ദേവികുളം മണ്ഡലത്തില്‍ ഉളള്ളത്. 83400 പുരുഷ വോട്ടര്‍മാരും 85908 വനിതാവോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ തെരഞ്ഞെടുപ്പ് നടത്താൻ പോയ പോളിങ് ഉദ്യോഗസ്ഥര്‍ ബുധനാഴ്‌ച മൂന്നാറില്‍ തിരിച്ചെത്തും.