ഇടുക്കി: ആനച്ചാല്‍ ആമക്കണ്ടത്ത് ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 14 വയസുള്ള സഹോദരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിക്ക് വധശിക്ഷ. നാല് കേസുകളില്‍ മരണം വരെ തടവ് ശിക്ഷയും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 92 വര്‍ഷമാണ് തടവ് ശിക്ഷ ലഭിച്ചത്.
ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്‌ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. പ്രതി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്. വെള്ളത്തൂവല്‍ പൊലീസ് അന്വേഷിച്ച കേസില്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്‌തത്.
കേസില്‍ 73 സാക്ഷികളെയാണ് വിസ്‌തരിച്ചത്. ആറു വയസുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 302 വകുപ്പ് പ്രകാരം പ്രതിക്ക് വധശിക്ഷ വിധിച്ചിട്ടുള്ളത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം പ്രതിയ്‌ക്ക് ജീവപര്യന്തം ശിക്ഷയും മറ്റ് വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയുമാണ് വിധിച്ചിട്ടുള്ളത്. ഇതില്‍ ആദ്യം അനുഭവിക്കേണ്ടത് വധശിക്ഷയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ കേസിലെയും ജീവപര്യന്ത ശിക്ഷ പ്രത്യേകമായി അനുഭവിക്കണമെന്നും പിഴ തുക അടച്ചില്ലെങ്കില്‍ 11 വര്‍ഷം കൂടി അധിക തടവും അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
കേസിനാസ്‌പദമായ കൊലപാതകവും ബലാത്സംഗവും: 2021 ഒക്‌ടോബര്‍ 2 ന് പുലര്‍ച്ചെ 3 മണിക്കാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ബന്ധുവായ ആണ്‍കുട്ടിയെയും അമ്മയുടെ സഹോദരിയെയും തലയ്‌ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ അമ്മയുടെ സഹോദരി ബോധ രഹിതയായി വീഴുകയും ആണ്‍കുട്ടി മരിക്കുകയും ചെയ്‌തു.
ഇതിന് പിന്നാലെ സമീപത്തുള്ള കുടുംബ വീട്ടിലെത്തി ഉറങ്ങി കിടന്ന ആണ്‍കുട്ടിയുടെ അമ്മയെ തലയ്‌ക്കടിക്കുകയും സഹോദരിയെ വീടിന് സമീപമുള്ള ഷെഡിലെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്നുണ്ടായ രോഷമാണ് കൊലപാതകത്തിന് കാരണമായത്.
തലസ്ഥാനത്തും കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു: തിരുവനന്തപുരത്ത് രാഖി മോള്‍ കൊലക്കേസില്‍ അടുത്തിടെയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ അഖില്‍ ആര്‍ നായര്‍ (24), അഖിലിന്‍റെ സഹോദരന്‍ രാഹുല്‍ ആര്‍ നായര്‍ (27), ഇവരുടെ സുഹൃത്തായ ആദര്‍ശ് നായര്‍ (23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടി പ്രതികള്‍ അധിക ശിക്ഷ അനുഭവിക്കണം.
തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണുവാണ് ശിക്ഷ വിധിച്ചത്. 2019 ജൂണ്‍ 21നാണ് കേസിനാസ്‌പദമായ സംഭവം. ആര്‍മിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അഖില്‍ ആര്‍ നായര്‍ ഒരു മിസ്‌ഡ് കോളിലൂടെയാണ് രാഖി മോളെ പരിചയപ്പെടുന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഏറെ സൗഹാര്‍ദ്ദത്തിലാകുകയും അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാരുകയുമായിരുന്നു.
കളമശ്ശേരിയിലെ സ്വകാര്യ കേബിള്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്ന രാഖി മോളെ നാട്ടില്‍ ലീവ് വരുമ്പോഴെല്ലാം അഖില്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരിക്കുന്നതിനിടെ അഖില്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും രാഖിയില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്‌തു. ദിവസങ്ങള്‍ക്ക് ശേഷം അഖിലും മറ്റ് യുവതിയുമായുള്ള വിവാഹ നിശ്ചയത്തിന്‍റെ ഫോട്ടോ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്‌തു. ഇതറിഞ്ഞ രാഖി അഖിലുമായി ബന്ധപ്പെടുകയും വിവാഹം മുടക്കുമെന്നും അറിയിച്ചു. ഇതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്.