ഇടുക്കി: ഇടുക്കി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്ന് കൊവിഡ് കേസുകൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉൾപ്പെടുത്താത്തത് ദുരൂഹമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. സർക്കാരിൻ്റെ വീഴ്ച്ച മറച്ചുവക്കാനാണ് കണക്ക് വെളിപ്പെടുത്താത്തതെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
മന്ത്രി എം എം മണിയടക്കം പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് ജില്ലാ കലക്ടർ എച്ച്.ദിനേശൻ മൂന്ന് പേർക്ക് കൊവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി കൊവിഡ് കണക്കുകൾ പ്രഖ്യാപിച്ചതിൽ ഇടുക്കിയിലെ മൂന്ന് കേസുകളിൽ അവ്യക്തത എന്നാണ് പറഞ്ഞത്. ഇവരിൽ വീണ്ടും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനക്കായി സ്രവം എടുത്ത ശേഷം രോഗികളെ നിരീക്ഷണത്തിലാക്കിയില്ലെന്നും ഫലം വരുന്നതുവരെ ഇവർ ആളുകളുമായി ഇടപഴകിയെന്നും മൂന്ന് പേരുടെയും ആദ്യ സ്രവ പരിശോധനാ ഫലം പോസിറ്റീവാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അതേസമയം ഇടുക്കിയിൽ റാൻഡം ടെസ്റ്റ് നടത്തിയ 240 പേരോടും ക്വാറൻ്റെയിനിൽ പോകാൻ ആവശ്യപ്പെടാത്തത് സർക്കാരിന് പറ്റിയ വീഴ്‌ചയാണെന്നും എം പി ആരോപിച്ചു.