ഇടുക്കി: യാത്രക്കാർക്ക് പേടിസ്വപ്നമായി കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ ബോഡിമെട്ട് ചുരം. ബോഡിമെട്ടില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് ഇറങ്ങുന്ന ചുരമാണ് അപകടക്കെണിയായി മാറുന്നത്. കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ റോഡിലേക്ക് പാറകല്ലുകള്‍ അടര്‍ന്ന് വീഴുന്നതും രാത്രികാല യാത്രയില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊച്ചി -ധനുഷ്‌കൊടി ദേശീയപാതയില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ബോഡിമെട്ടില്‍ നിന്നും തമിഴ്‌നാട് മുന്തല്‍ വരെയുള്ള ഇരുപത് കിലോമീറ്ററോളം വരുന്ന ഭാഗമാണ് അപകടകെണിയായി മാറിയിരിക്കുന്നത്.
മലമുകളില്‍ നിന്നും താഴോട്ട് നിര്‍മ്മിച്ചിരിക്കുന്ന വീതി കുറഞ്ഞ റോഡിന്റെ ഒരു വശം നൂറ്കണക്കിന് അടി താഴ്ചയുള്ള കൊക്കയാണ്. ഇതോടൊപ്പം തന്നെ പതിനെട്ടോളം ഹെയര്‍പിന്‍ വളവുകളും ഉണ്ട്. മഞ്ഞ് മൂടുന്ന സമയങ്ങളില്‍ വളവുകള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമാണ് കാണുവാന്‍ കഴിയുക. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങളും ഇവിടെ നടക്കാറുണ്ട്. ഒരുമാസം മുമ്പ് നിയന്ത്രണം വിട്ട വണ്ടി മറിഞ്ഞ് ആറു പേർ മരിച്ചിരുന്നു. നിലവില്‍ അപകടത്തില്‍പെട്ട ഒരു വാഹനം ഇതുവരെയും കയറ്റികൊണ്ട് പോകുവാനും സാധിച്ചിട്ടില്ല.
രാത്രികാല യാത്രയാണ് ഏറെ അപകടം. മഞ്ഞും മഴയുമുള്ള സമയങ്ങളില്‍ റോഡ് കാണുവാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രാത്രിയില്‍ നടക്കുന്ന അപകടങ്ങള്‍ പലപ്പോഴും പകല്‍ സമയത്താണ് പുറം ലോകം അറിയുന്നത്. അുകൊണ്ട് തന്നെ നിരവധി ജീവനുകളും നഷ്ടമായിട്ടുണ്ട്. മഞ്ഞ് മൂടുന്ന മനോഹര കാഴ്ച ആസ്വദിക്കുന്നതിനായി നിരവധി സഞ്ചാരികളാണ് ചുരമിറങ്ങി ഇവിടേയ്ക്ക് എത്തുന്നത്. എന്നാല്‍ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് നാട്ടുകാരും പറയുന്നു. റോഡിന്‍റെ തിട്ടകളില്‍ ഏതു നിമിഷവും നിലംപൊത്താവുന്ന തരത്തില്‍ നിരവധി പാറകല്ലുകളും നിലനില്‍ക്കുന്നുണ്ട്. മഴക്കാലങ്ങളിൽ ഇവ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നതും നിത്യ സംഭവമാണ്.