ഇടുക്കി: പാൽ വില ലിറ്ററിന് 50 രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മുരിക്കാശ്ശേരിയിൽ ക്ഷീര കർഷകരുടെ പ്രതിക്ഷേധം. കാലിത്തീറ്റയുടെ വില കുറയ്ക്കുക, ക്ഷീരകര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കടാശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സമരത്തിന്‍റെ ഭാഗമായി കര്‍ഷകര്‍ പാൽ നിലത്തൊഴുക്കിക്കളഞ്ഞു.
50 കിലോ കാലിത്തീറ്റക്ക് 950 രൂപ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച വിലയാണ് ഇപ്പോഴും പാലിന് ലഭിക്കുന്നത്. കാലിത്തീറ്റക്ക് വില 1300 രൂപയായി വര്‍ധിച്ചിട്ടും ഒരു ലിറ്റര്‍ പാലിന് ക്ഷീരകര്‍ഷകന് കിട്ടുന്നത് 30 രൂപ മാത്രം. ഇതിന് സർക്കാർ തലത്തിൽ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. ത്രിതല പഞ്ചായത്തുകള്‍ നല്‍കുന്ന കാലിത്തീറ്റ സബ്സിഡി വര്‍ധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പാല്‍വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ക്ഷീരമേഖല ഉപജീവനമാര്‍ഗമാക്കിയ ജില്ലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.