ഇടുക്കി: നെടുങ്കണ്ടം അമ്പിളിയമ്മാന്‍ കാനത്ത് അപകടാവസ്ഥയിലായ ഈട്ടി മരം മുറിച്ച് മാറ്റാന്‍ നടപടിയില്ല. ചുവട് ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞതോടെ വന്‍ മരം ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് നിലനില്‍ക്കുന്നത്. മരം മുറിച്ച് നീക്കി ഓഫീസിലെത്തിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അമ്പിളിയമ്മാന്‍കാനം- കവുന്തി റോഡിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായി മണ്ണെടുത്ത് നീക്കിയതോടെയാണ് റോഡരികില്‍ നിന്ന ഈട്ടി മരം അപകടാവസ്ഥയിലായത്. മുന്‍പ് ഉണ്ടായിരുന്ന റോഡിന്‍റെ കയറ്റം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വന്‍ തോതില്‍ ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് വലിയ മണ്‍ഭിത്തിക്ക് മുകളിലായാണ് നിലവില്‍ മരം നില്‍ക്കുന്നത്. മരത്തിന്‍റെ ചുവട്ടില്‍ നിന്നും കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ് വീണിരുന്നു.
Also Read: നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു, 9 തൊഴിലാളികളെ രക്ഷപ്പെടുത്തി
ഒരു വര്‍ഷം മുന്‍പ് പ്രദേശവാസികള്‍ മരം മുറിച്ച് നീക്കണമെന്ന് ആവശ്യപെട്ട് വനം വകുപ്പിനെ സമീപിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിക്കാനാണ് വനം വകുപ്പ് അറിയിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഏകദേശം 40 അടിയോളം ഉയരത്തിലുള്ള മണ്‍ ഭിത്തിക്ക് മുകളിലാണ് ഈട്ടി നില്‍ക്കുന്നത്. ചുവട്ടില്‍ നിന്നും മണ്ണ് അടര്‍ന്ന് വീഴുന്നതിനാല്‍ ഇത് ഏത് നിമിഷവും നിലം പൊത്തും. ഭീതിയോടെയാണ് നാട്ടുകാര്‍ നിലവില്‍ ഇതുവഴി സഞ്ചരിക്കുന്നത്.
മരം താഴേയ്ക്ക് പതിച്ചാല്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച സംരക്ഷണ ഭിത്തിയും തകരാന്‍ സാധ്യതയുണ്ട്.