ഇടുക്കി: ജില്ലയിൽ വിനോദസഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയെങ്കിലും ഉള്‍ഗ്രാമ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളെത്തുന്നില്ല. ലോക്ക് ഡൗൺ മൂലം സംഭവിച്ച നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയാതെ ജില്ലയിലെ ചെറുകിട ടൂറിസം കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലാണ്.
കൊവിഡില്‍ കുടുങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടുക്കിക്ക് ഏക പ്രതീക്ഷയായിരുന്നു വിനോദ സഞ്ചാര മേഖലകൾ തുറന്നത്. മൂന്നാര്‍ തേക്കടി മേഖലകളിലേയ്ക്ക് സഞ്ചാരികളെത്തി തുടങ്ങിയതും ആശ്വാസകരമായിരുന്നു. എന്നാല്‍ പ്രധാന കേന്ദ്രങ്ങളൊഴിച്ചാല്‍ ഉള്‍ഗ്രാമ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇപ്പോഴും ആളൊഴിഞ്ഞ നിലയിലാണ്. ബോട്ടിംഗ് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിൽ തിരക്കില്ല. വന്‍തുക മുടക്കി അറ്റകുറ്റ പണികള്‍ നടത്തി ബോട്ടുകള്‍ സര്‍വീസിനിറക്കിയെങ്കിലും സഞ്ചാരികളില്ലാതെ ജീവനറ്റ നിലയിലാണവ.
ജീവനക്കാരുടെ ശമ്പളവും ദിവസേനയുള്ള മറ്റ് ചിലവുകളുമടക്കം ലക്ഷങ്ങളുടെ ബാധ്യതതയിലേയ്ക്കാണ് ചെറുകിട ടൂറിസം കേന്ദ്രങ്ങള്‍ നീങ്ങുത്. ഒപ്പം ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാരടക്കം കടുത്ത പ്രതിസന്ധിയിലാണ്.