ഇടുക്കി: ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ഇടുക്കിയിലെ ഏലം, തേയില തോട്ടങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെ നൂറുകണക്കിന് തൊഴിലാളികളുടെ വരുമാനവും നിലച്ചു. ആദ്യ ആഴ്‌ചകളിൽ സർക്കാരിന്‍റെ ഭക്ഷ്യ കിറ്റും മറ്റ് സഹായങ്ങളും ഇവര്‍ക്ക് കൈത്താങ്ങായിരുന്നു. എന്നാൽ ലോക്ക്ഡൗൺ നീണ്ടതോടെ തോട്ടം തൊഴിലാളികളുടെ കാര്യം കഷ്‌ടത്തിലായി. ഇതിനെ തുടർന്നാണ് സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര സഹായം എത്തിക്കുവാൻ തീരുമാനിച്ചത്. ഏരിയാ സെക്രട്ടറി എൻ.പി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നത്. വിവിധ മേഖലകളിലേക്ക് 10,000 കിറ്റുകളാണ് എത്തിച്ചു നൽകുന്നത്.
വിവിധ പദ്ധതികൾ ആസൂത്രണം ചെയ്‌ത് ശാന്തൻപാറ ബഹുജന സംഘടനകളും തൊഴിലാളികൾക്ക് ഒപ്പമുണ്ട്. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ മരുന്നുകൾ എത്തിച്ചു നൽകുന്നതിന് സന്നദ്ധ സേനകൾ രൂപീകരിച്ചിട്ടുണ്ട്. കാലി വളർത്തുന്ന നിരവധി കർഷകരാണ് മേഖലയിൽ രോഗം ബാധിച്ച് ക്വാറന്‍റൈനില്‍ ഉള്ളത്. ഇവിടങ്ങളിൽ മൃഗങ്ങളെ പരിപാലിക്കുന്നതിനും പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്. മഹാമാരിക്കാലത്തും കൂട്ടായ പ്രവർത്തനത്തിലൂടെ നാടിനെ ഒന്നാകെ ചേർത്ത് നിർത്താൻ പറ്റുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്തരം പ്രവർത്തനങ്ങൾ.
Also read: കൊവിഡ് കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍