ഇടുക്കി: ജില്ലയിലെ ഭൂവിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള രാഷ്‌ട്രീയ വാക്പോര് മുറുകുന്നു. കഴിഞ്ഞ ദിവസം വട്ടവടയിൽ നടന്ന പാർട്ടി യോഗത്തിൽ ഉടുമ്പൻചോല എംഎൽഎ എം എം മണി ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ സിപിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ സിപിഐ ജില്ല സെക്രട്ടറി രംഗത്ത് വന്നതോടെ മുന്നണികൾ തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്.
പട്ടയ വിഷയത്തിൽ സിപിഐയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. 'ജില്ലയിൽ ഉൾപ്പെടെ കേരളത്തിൽ പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിനു മുൻകൈ എടുത്ത പാർട്ടി സിപിഐ ആണ്. സിപിഐയുടെ മന്ത്രിമാർ അടങ്ങുന്ന സർക്കാർ മാത്രമാണ് കേരളത്തിൽ കൃഷിക്കാരന് പട്ടയം നൽകുന്നതിനുള്ള നടപടി സ്വികരിച്ചത്', സിപിഐ ജില്ല സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.
ചിന്നക്കനാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ കൈയേറ്റക്കാരന്‍റെ പാർട്ടി അല്ല, കൈയേറിയ ഭൂമി വിറ്റ് കോടികൾ ഉണ്ടാക്കുന്നവന്‍റെ പാർട്ടി അല്ല, കൈയേറ്റക്കാരനെ ഒഴിപ്പിച്ച് അര്‍ഹതപ്പെട്ടവന് ഭൂമി നൽകുന്ന പാർട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഭൂവിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനങ്ങൾ രംഗത്ത് എത്തിയതോടെ മുന്നണിയിലെ വാക്‌പോരും പരസ്‌പരമുള്ള പഴിചാരലും ഇനിയും രൂക്ഷമായേക്കും.