ഇടുക്കി: സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി വീണ്ടും സിപിഐ. വന്യ മൃഗങ്ങള്‍ ആക്രമണം നടത്തുന്നത് സിപിഐക്കാര്‍ പറഞ്ഞിട്ടാണെന്ന തരത്തിലാണ് സിപിഎം പ്രചാരണം നടത്തുന്നതെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. നെടുങ്കണ്ടത്ത് നടന്ന യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് കെ. സലിംകുമാര്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പട്ടയ വിതരണ വിഷയത്തില്‍ ഏത് കാര്യത്തിലാണ് കൂടിയാലോചന ഉണ്ടാകാത്തതെന്ന് വിശദീകരിക്കാതെ, ആരോപണം ഉന്നയിക്കുകയാണെന്നും കെ. സലിംകുമാര്‍ പറഞ്ഞു. കടലാസ് സംഘടനകളെ കൂട്ടുപിടിച്ച്, സിപിഎം, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് സിപിഐയുടെ ആരോപണം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സിപിഐയുടെ നയ വിശദീകരണ യോഗങ്ങളില്‍, സിപിഎമ്മിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
യോഗത്തില്‍ സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി കെ.ജി ഓമനകുട്ടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ ധനപാല്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ സി.യു ജോയി, കുസുമം സതീഷ്, ജിജി കെ ഫിലിപ്പ്, സി.കെ കൃഷ്‌ണന്‍കുട്ടി, സുരേഷ് പള്ളിയാടി, അജീഷ് മുതുകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.