ഇടുക്കി: നെടുങ്കണ്ടത്ത് കൊവിഡ് രോഗിയെ പൊലീസ് നടുറോഡിലിട്ടു മർദിച്ചതായി പരാതി. മർദനമേറ്റ റെയിൽവേ ജീവനക്കാരനെ കൊവിഡ് സ്പെഷ്യൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ചോറ്റുപാറയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. കൊവിഡ് നിരീക്ഷണത്തിൽ വീട്ടിലിരുന്ന നെടുങ്കണ്ടം ചോറ്റുപാറ തകടിയേൽ ലാലിനാണ് മർദ്ദനമേറ്റത്.
രാവിലെ 11 മണിയോടെ നെടുങ്കണ്ടത്ത് വാഹന ചെക്കിംഗ് നടത്തുകയായിരുന്ന ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ, ബൈക്കിലെത്തിയ ലാലിന്‍റെ ജേഷ്ഠൻ ലെനിനെ കൈകാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താതെ ഓടിച്ചുപോയ ലെനിനെ തേടി വീട്ടിലെത്തിയ പൊലീസ് സംഘമാണ് വാക്കേറ്റത്തിനിടെ ലാലിനെ മർദ്ദിച്ചത്.
വീട്ടിൽ നിന്നും വലിച്ചിഴച്ചു റോഡിലേക്ക് തള്ളിയിട്ടു തുടർന്ന് ബൂട്ടിട്ട് ചവിട്ടിയെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
Also Read: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
സംഭവം നടന്ന ശേഷം ലാലിനെ പൊലീസ് ജീപ്പിൽ കയറ്റിയാണ് നെടുങ്കണ്ടത്ത് എത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ, ഇവരുമായി അടുത്തിടപഴകിയ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവർ നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
അതേസമയം പൊലീസിനെതിരെ സിപിഎമ്മും രംഗത്തെത്തി. കൊവിഡ് രോഗിയെ മർദ്ദിക്കുന്ന നെടുംകണ്ടം പൊലീസ് സർക്കാരിനെ കരിവാരിത്തേക്കാനാണ് ശ്രമിക്കുന്നതെന്ന് ഏരിയ സെക്രട്ടറി ടിഎം ജോൺ പറഞ്ഞു. നാളെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.