ഇടുക്കി: ഓണത്തിന്‍റെ ഭാഗമായി നടത്തിയ കൊവിഡ് പരിശോധനയിൽ 11 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജാക്കാട് പഞ്ചായത്തിൽ കൊവിഡ് പരിശോധന കർശനമാക്കി. ആരോഗ്യ വകുപ്പ്. കഴിഞ്ഞദിവസം നടത്തിയ ആന്‍റിജൻ ടെസ്റ്റുകൾ അടക്കം 939 സാമ്പിളുകളാണ് വിവിധ മേഖലകളിലെ 19 ക്യാമ്പുകളിലായി നടത്തിയത്. കൂടാതെ രണ്ടായിരത്തോളം ആർടിപിസിആർ ടെസ്റ്റുകളും ജില്ലയിൽ നടത്തി.
11 കേസുകളിൽ രണ്ട് പേർ മാത്രമാണ് ഉറവിടമറിയാത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടത്. തമിഴ്നാട് അതിർത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിൽ നിന്നും ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ ആളുകൾ എത്തുന്നതിനാലും, രോഗികൾ കൂടുതലുള്ള തമിഴ്നാട്ടിൽ നിന്നും കച്ചവടക്കാർക്കുള്ള ലോഡുകൾ എത്തുന്നതിനാലും വ്യാപാരികൾ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 19ന് പന്ത്രണ്ടാം വാർഡിലെ ഏലം ഏസ്റ്റേറ്റിലെത്തിയിട്ടുള്ള അതിഥി തൊഴിലാളികൾക്കിടയിലും, 22ന് എൻആർ സിറ്റി മേഖലയിലും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള ആഴ്ചകളിൽ വിവിധ വാർഡ് കേന്ദ്രങ്ങളിൽ പരിശോധനക്കുള്ള സംവിധാനവുമൊരുക്കുന്നുണ്ട്. കൊവിഡ് രോഗികളുമായി എന്തെങ്കിലും തരത്തിലുള്ള സമ്പർക്കമുള്ളവരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും അടിയന്തിരമായി പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.