ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍റെ നേതൃത്വത്തില്‍ വട്ടവടയില്‍ അവലോകന യോഗം ചേര്‍ന്നു. പ്രദേശത്ത് നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും ജില്ല കലക്ടറുമായി ചർച്ച നടത്തി. മേഖലയില്‍ സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളെക്കുറിച്ച് യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 201 കൊവിഡ് കേസുകളാണ് പഞ്ചായത്ത് പരിധിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 155 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. കൊട്ടാക്കമ്പൂര്‍, ഇടമണല്‍, ഊര്‍ക്കാട് എന്നിവിടങ്ങള്‍ക്ക് പുറമെ ആദിവാസി മേഖലകളിലും ചേര്‍ത്ത് അഞ്ച് ഡൊമിസിലറി കെയര്‍സെന്‍ററുകള്‍ പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഡൊമിസിലറി കെയര്‍സെന്‍ററുകള്‍ ക്രമീകരിക്കും.
ALSO READ: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
കൊവിഡ് പരിശോധനയോടും വാക്‌സിനേഷനോടും പ്രദേശത്ത് ആളുകള്‍ വിമുഖത പുലര്‍ത്തുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് ചെന്നുള്ള പരിശോധനയ്ക്കും വാക്‌സിനേഷനും സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ ജനപ്രതിനിധികളും ജാഗ്രതാസമതികളും ആര്‍.ആര്‍.ടി ഗ്രൂപ്പുകളും സഹായിക്കും. നിലവില്‍ വട്ടവടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നടത്തിവരുന്ന കൊവിഡ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും. കൃത്യമായ ഇടവേളകളില്‍ അവലോകനയോഗം ചേര്‍ന്ന് നിലവിലുള്ള സാഹചര്യം വിലയിരുത്തും. പി.എച്ച്.സി കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന വാക്‌സിനേഷന്‍ ഫീല്‍ഡ് തലത്തിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. കൊവിഡ് രോഗബാധിതരായവരെ ഡൊമിസിലറി കെയര്‍സെന്‍ററുകളില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനവും അവലോകനയോഗം കൈകൊണ്ടു.