കാസര്‍കോട്: ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുഡ്‌ലു സ്വദേശിക്കാണ് രോഗബാധ. ഈ മാസം 11ന് രാവിലെ 2.30ന് ദുബായിയിൽ നിന്നും എത്തിയ ഐ.എക്സ് 344 എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ വന്നത്. രാവിലെ 8ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇയാള്‍ അന്ന് കോഴിക്കോട് താമസിച്ചു.
12ന് മാവേലി എക്സ്‌പ്രസിലെ എസ് ഒന്‍പത് കംപാര്‍ട്ട്മെന്‍റിലാണ് കാസര്‍കോട്ടേക്ക് വന്നത്. ഈ മാസം 17ന് ജനറല്‍ ആശുപത്രിയിൽ ഹാജരായി. തുടർന്നാണ് അദ്ദേഹത്തിന്‍റെ തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനക്ക് അയച്ചത്. ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ. വി രാംദാസ് അറിയിച്ചു. 12 മുതൽ ഉള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.