ഇടുക്കി: കമ്പംമെട്ടിലെ കള്ളനോട്ട് വിതരണത്തിനു പിന്നിൽ വൻ മാഫിയ സംഘമെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ചെന്നൈ കേന്ദ്രീകരിച്ചുള്ള വൻ കള്ളനോട്ട് മാഫിയയിലെ കണ്ണികൾ മാത്രമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂർ, തേനി മേഖലകളിൽ നടത്തിയ പരിശോധനയിൽ കള്ളനോട്ട് നിർമ്മിക്കുവാനുപയോഗിച്ച പ്രിന്‍ററും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
കമ്പംമെട്ടിലെ കള്ളനോട്ട് കേസിൽ റിമാൻഡിലായ പ്രതികളിൽ രണ്ട് പേരെ കമ്പംമെട്ട് പൊലീസ് രണ്ടാമതും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പ്രതികളായിരുന്ന മുത്തുവേന്ദ്രൻ, സുബയ്യൻ എന്നിവരെയാണ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികൾ കള്ളനോട്ട് അടിച്ചിരുന്ന പ്രിന്‍റർ എവിടെ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്താനാണ് പ്രതികളെ രണ്ടാം തവണയും കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറംഗ സംഘം കമ്പംമെട്ടിൽ പൊലീസിന്‍റെ പിടിയിലായത്.
കസ്‌റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കോയമ്പത്തൂർ, ഉത്തമപാളയം, തേനി, മധുര, ചിന്നമന്നൂർ, കമ്പം, കുമളി തുടങ്ങിയിടങ്ങളിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കൂടുതൽ ഉപകരണങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സേലം,ചെന്നൈ കേന്ദ്രീകരിച്ചുള്ള മാഫിയ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കള്ളനോട്ട് സംഘങ്ങളുമായി ബന്ധം പുലർത്തിയ നിരവധിപ്പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി.