ഇടുക്കി: മണ്ണിടിച്ചിലിനെ തുടർന്ന് നിർമാണം നിലച്ചിരുന്ന കൊച്ചി ധനുഷ്കോടി ദേശീയപാത ഗ്യാപ് റോഡിൽ നിർമാണം പുനഃരാരംഭിച്ചു. അഞ്ചു മാസങ്ങൾക്ക് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്. രണ്ടു മാസങ്ങൾക്ക് ഉള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കും. ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 180 മീറ്ററോളം റോഡ് പൂർണമായി തകർന്നു. താഴ് ഭാഗത്തുള്ള നിരവധി കർഷകരുടെ കൃഷിയിടം നശിച്ചു.
കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് നിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് തിങ്കളാഴ്‌ച മുതലാണ് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും പുനഃരാരംഭിച്ചത്. രണ്ട് മാസത്തിനുള്ളിൽ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ ഒറ്റപെട്ടു പോയ ചിന്നക്കനാൽ സൂര്യനെല്ലി മേഖലകളിലെ ഗതാഗത പ്രശ്‌നത്തിനും പ്രതിസന്ധിക്കും പരിഹാരമാകും. ദേശീയപാതയിലൂടെ പൂപ്പാറ- മൂന്നാർ ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ ചിന്നക്കനാൽ ആനയിറങ്ങൽ വിനോദസഞ്ചാര മേഖലകൾ ഉണരുമെന്ന പ്രതീക്ഷയിലാണ് മലയോരം.