ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെ മുടങ്ങി കിടന്നിരുന്ന നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു. ആശുപത്രിയില്‍ നടന്നു വന്നിരുന്ന നിര്‍മാണത്തില്‍ ക്രമക്കേട് ആരോപിച്ച് തൊടുപുഴ വിജിലന്‍സ് വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം ഉണ്ടായതോടെയാണ് നിർമാണം നിലച്ചത്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിർമാണം തുടരാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായും നിർമാണ ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തംഗം സി.കെ പ്രസാദ് പറഞ്ഞു.
ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയിലെ ഒരംഗം തന്നെയായിരുന്നു വിജിലന്‍സിന് പരാതി നല്‍കിയത്. നിർമാണ ജോലികള്‍ നിലച്ചതോടെ രോഗികളുടെയും നാട്ടുകാരുടെയും ഭാഗത്തു നിന്നും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വിജിലന്‍സിന് സമര്‍പ്പിച്ച പരാതി വ്യക്തി താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്നും അത് ആശുപത്രിയുടെ വികസനത്തെ പിന്നോട്ടടിക്കുമെന്നുമായിരുന്നു പൊതുവായി ഉയര്‍ന്ന ആക്ഷേപം. വീണ്ടും നിർമാണ ജോലികള്‍ പുനരാരംഭിച്ചത് രോഗികള്‍ക്കും ഒപ്പം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതിക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.