ഇടുക്കി: കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 15000 രൂപയുടെ വായ്പക്കായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. ഉത്തരവിൽ നിരവധി ഉപാധികൾ നിലനിൽക്കുന്നതിനാൽ എല്ലാവർക്കും വായ്പ ലഭിക്കില്ലെന്നും അതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 48 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് 15,000 രൂപ പലിശ രഹിതമായി നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഒരുമാസത്തിന് ശേഷം പദ്ധതിയുടെ ഉത്തരവും ഇറങ്ങി. ജെഎൽജി അടക്കം വായ്പകൾ നിലനിൽക്കുന്ന അംഗങ്ങൾക്ക് പദ്ധതിയിൽ നിന്ന് വായ്പ എടുക്കാൻ സാധിക്കില്ല എന്നതടക്കമുള്ള ഉപാധികളാണുള്ളത്.
3500 കോടി പ്രഖ്യാപിച്ച പദ്ധതിക്ക് രണ്ടായിരം കോടി വിഹിതം മാത്രമാണ് നൽകിയതെന്നും ഇതിൽ 72 കോടി രൂപയെ ഇടുക്കിക്ക് ഉള്ളൂവെന്നും ലോക്ക് ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ അംഗങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ സ്വീകരിച്ചതെന്നും ഇബ്രാംഹി കുട്ടി പറഞ്ഞു. ഉപാധികളിൽ ഇളവ് വരുത്തി വായ്പകൾ അംഗങ്ങൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.