ഇടുക്കി: രണ്ടു കൊവിഡ് മരണമടക്കം 70 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജാക്കാട് പഞ്ചായത്തില്‍ കൊവിഡ് പരിശോധനാ മെഗാ ക്യാമ്പ് നടത്തി. ഇതിന്‍റെ ഭാഗമായി വ്യാപാരികൾ, ചുമട്, ഓട്ടോ, ടാക്സി തൊഴിലാളികൾ എന്നിവർക്ക് പരിശോധന നടത്തി.
പഞ്ചായത്തിന്‍റെ നിരവധി കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ പങ്കെടുക്കാൻ പറ്റാതെ പോയ 155 പേരെയാണ് പൊലീസിന്‍റെയും, ആരോഗ്യ വകുപ്പിന്‍റെയും, വ്യാപാരി സംഘടനയുടെയും സഹകരണത്തോടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ ഒരാളുടെ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. അദ്ദേഹവുമായി അടുത്ത് സമ്പർക്കമുള്ളവരെ ക്വാറന്‍റൈനിലാക്കി. അദ്ദേഹത്തിന്‍റെ രോഗവ്യാപനത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒരു പോസിറ്റീവ് കേസ് പോലും ഇല്ലാതിരുന്ന സാഹചര്യത്തിൽ രാജാക്കാട് പഞ്ചായത്തിനെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി കലക്‌ടർ ഉത്തരവിറക്കിയിരുന്നു. നിലവിൽ പോസിറ്റീവ് കേസുകളില്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളും മറ്റും തുറക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനാണ് വ്യാപാരികളുടെ മേൽനോട്ടത്തിൽ മെഗാ ആന്‍റിജൻ പരിശോധന സംഘടിപ്പിച്ചത്. സി.ഐ എച്ച്.എൽ ഹണി, എസ്.ഐ പി.ഡി അനൂപ്മോൻ, മെഡിക്കൽ ഓഫീസർ ഡോ.ജോബിൻ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ അബ്‌ദുൽ സലാം, മർച്ചന്‍റ്സ് അസോസിയേഷൻ നേതാക്കളായ വി.കെ മാത്യു, വി.എസ് ബിജു, സിബി കൊച്ചുവള്ളാട്ട്, വി.സി ജോൺസൺ എന്നിവർ നേതൃത്വം നൽകി.