ഇടുക്കി: നെടുങ്കണ്ടത്ത് വ്യാജ രേഖകള്‍ ചമച്ച് പട്ടയ ഭൂമി തട്ടിയെടുത്തായി പരാതി. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ പിച്ചാമണിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്ക് പിതൃസ്വത്തായി കിട്ടിയ ഭൂമി ബന്ധുക്കള്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പിച്ചാമണി ആരോപിച്ചത്.
പിച്ചാമണിയുടെ അതേ പേരിലുള്ള മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭൂമി കൈമാറ്റം നടത്തിയിരിക്കുന്നത്. യഥാര്‍ഥ ഉടമയ്ക്ക് അനുകൂലമായ കോടതി വിധി നിലനില്‍ക്കെ അതിക്രമിച്ച് കയറി മരം മുറിച്ച് കടത്തിയെന്നും പിച്ചാമണി ആരോപിക്കുന്നു.
2001ലാണ് തമിഴ്‌നാട് സ്വദേശിയായ പിച്ചാമണിയുടെ പിതാവ് രാസയ്യ പാറതോട്ടില്‍ മൂന്ന് ഏക്കര്‍ ഭൂമി വാങ്ങിയത്. ഇതില്‍ ഒരേക്കര്‍ 68 സെന്‍റ് ഭൂമിയ്ക്കാണ് പട്ടയമുള്ളത്. 2008ല്‍ രാസയ്യയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായതോടെ ചികിത്സയ്ക്കായി ഇവര്‍ തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങി. ഇതേ വര്‍ഷം രാസയ്യ മരണപെട്ടു. രണ്ട് വര്‍ഷത്തോളം ഉടമകള്‍ ഇവിടേയ്ക്ക് വാരാതിരുന്നതോടെ ബന്ധുക്കള്‍ ഭൂമി കൈവശപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇവിടെ എത്തിയ പിച്ചാമണിയെ ഭീഷണി പെടുത്തി മടക്കി അയച്ചതായും പറയപ്പെടുന്നു. തമിഴ്‌നാട്ടില്‍ ദുരിത ജീവിതം നയിച്ചിരുന്ന പിച്ചാമണിയുടെ അവസ്ഥ മനസിലാക്കിയ നാട്ടുകാര്‍ കഴിഞ്ഞ വര്‍ഷം ഇയാളെ പാറത്തോട്ടിലേയ്ക്ക് തിരികെ എത്തിയ്ക്കുകയായിരുന്നു. സ്വന്തം ഭൂമിയുടെ കരം അടയ്ക്കുന്നതിനായി വില്ലേജ് ഓഫീസില്‍ എത്തിയപ്പോഴാണ് ഭൂമി കൈമാറ്റം ചെയ്‌ത വിവരം ഇയാള്‍ അറിഞ്ഞത്.
മരങ്ങളും മുറിച്ച് കടത്തി: 2020ലാണ് വ്യാജ രേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുത്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരാളുടെ പേരിലേക്ക് ഭൂമി വീണ്ടും മാറ്റി. ബന്ധുക്കളായ മാരിയമ്മ, രാജാ എന്നിവരുടെ പേരിലേയ്ക്കാണ് ഭൂമി മാറ്റിയത്. തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞതോടെ പിച്ചാമണി കോടതിയെ സമീപിയ്ക്കുകയായിരുന്നു.
കൃഷി ചെയ്യാന്‍ അനുമതി നല്‍കി കോടതി ഉത്തരവ് ഉണ്ടായിട്ടും തട്ടിപ്പ് നടത്തിയവര്‍ ഭീഷണി തുടരുകയാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഉടമ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസങ്ങളില്‍ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തി. വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തതായി ചൂണ്ടികാട്ടി പല തവണ പൊലീസിനെ സമീപിച്ചിട്ടും സംഭവത്തില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ഉടമ ആരോപിക്കുന്നു.