ഇടുക്കി : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങൾക്ക് തയ്യാറായി വരുന്ന യുവാക്കള്‍ക്ക് സേനാപതി പഞ്ചായത്തിൽ നിന്ന് വോളണ്ടിയർ പാസ് നല്‍കുന്നില്ലെന്ന് പരാതി. പാസിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാസ് നർകുന്നില്ലെന്ന് ആരോപിച്ച് യുവജന സംഘടന പ്രവര്‍ത്തകർ രംഗത്തെത്തി. പഞ്ചായത്തിലെ വിവിധ യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരടക്കമാണ് പാസിന് അപേക്ഷ നൽകിയിരിക്കുന്നത്. ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ കമ്യൂണിറ്റി കിച്ചന്‍റെ പ്രവർത്തനത്തിനടക്കം സഹായം ലഭിക്കാനായി സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് പഞ്ചായത്ത് വോളണ്ടിയർ പാസ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
പാസ് കൈവശം ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ലെന്നും സ്വയം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും എ ഐ വൈ എഫ് നേതാവ് സിഎസ് മനു പറഞ്ഞു. കൂടുതൽ യുവാക്കളുടെ സേവനം ലഭിക്കാത്തതിനാൽ സ്ഥലത്തെ ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തംഗങ്ങളും ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.