ഇടുക്കി: കുടിവെള്ളത്തിനും ജലസേചനത്തിനുമായിട്ടുള്ള പദ്ധതികൾ പഞ്ചായത്ത് പ്രസിഡന്‍റ് അട്ടിമറിച്ചെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. ഇടുക്കി സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് കാഞ്ഞിരക്കോണത്തിനെതിരെയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. സേനാപതി പഞ്ചായത്തിലെ പ്രസിഡന്‍റ് ലക്ഷങ്ങളുടെ പദ്ധതികള്‍ സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുപോകുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.
മുമ്പ് പ്രളയ ദുരിതാശ്വാസ തുക ഉപയോഗിച്ച് നാട്ടുകാര്‍ക്കെന്ന പേരില്‍ കുഴല്‍ കിണര്‍ സ്വന്തം മുറ്റത്ത് നിര്‍മ്മിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പതിനൊന്നാം വാര്‍ഡില്‍ മാവര്‍സിറ്റി പെന്തകോസ്ത് പള്ളിയുടെ സമീപം നടപ്പിലാക്കിയ നാല്‍പ്പത് ലക്ഷം രൂപയുടെ ജലസേചന പദ്ധതി പ്രസിഡന്‍റ് സ്വന്തം പറമ്പിലെ ജലസേചനത്തിനായി തട്ടിയെടുത്തെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ജലസേചനപദ്ധതിക്ക് വെള്ളം ശേഖരിക്കുന്നതിന് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് പ്രസിഡന്‍റിന്‍റെ പറമ്പിലാണ്. ടാങ്കിന് സ്ഥാപിച്ചിരിക്കുന്നതിന് മുകള്‍ ഭാഗങ്ങളിലാണ് മുഴുവൻ വീടുകളും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ ടാങ്കില്‍ നിന്നും പ്രദേശവാസികൾക്ക് വെള്ളം കിട്ടണമെങ്കില്‍ ഓരോ വീട്ടിലേക്കും പ്രത്യേകം മോട്ടര്‍ സ്ഥാപിക്കേണ്ടിവരും.
നിരവധി പദ്ധതികള്‍ ഇത്തരത്തില്‍ സ്വന്തം വീടുകളിലേക്കും ചില മെമ്പര്‍മാരുടെ വീടുകളിലേക്കും എത്തിച്ചതായി പരാതിയുണ്ട്. പഞ്ചായത്തിലെ വിവിധ പദ്ധതികളെക്കറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് എന്നാൽ പദ്ധതികൾ നടിപ്പിലാക്കാൻ ആരും സ്ഥലം വിട്ടുനൽകാൻ തയാറാവാത്തതുകൊണ്ടാണ് തന്‍റെ സ്ഥലം വിട്ടു നൽകിയതെന്ന് പ്രസിഡന്‍റ് ജോസ് കാഞ്ഞിരക്കണം അഭിപ്രായപ്പെട്ടു.