ഇടുക്കി: മൂന്നാറില്‍ പുഴ നവീകരണത്തിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രളയത്തിന് മുന്നോടിയായി മൂന്നാറിലും സമീപപ്രദേശങ്ങളിലും നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതോടെയാണ് മൂന്നാംഘട്ട നടപടികള്‍ക്ക് മൂന്നാര്‍ പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ തുടക്കം കുറിച്ചിട്ടുള്ളത്. 51 ലക്ഷം രൂപ മുടക്കി ചെറു അരുവികള്‍, പുഴകള്‍,തോടുകള്‍ എന്നിവക്ക് പുതുജീവന്‍ നല്‍കുന്നതോടൊപ്പം മാലിന്യങ്ങള്‍ പുറത്തെടുത്ത് സംസ്‌ക്കരിക്കുക കൂടിയാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ മുടക്കി പെരിയവാരൈ കവല മുതല്‍ ആര്‍ ഒ ജംഗ്ഷന്‍ വരെയാണ് മുതിരപ്പുഴയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിച്ചത്. ഇത്തവണ ചെക്കുഡാമുകള്‍ കേന്ദ്രീകരിച്ചും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍ പറഞ്ഞു. കാലവര്‍ഷത്തിന് മുന്‍പ് മൂന്നാര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പുനരുജ്ജീവന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമീപവാസികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടുപ്രാവശ്യവും മുതിരപ്പുഴയാര്‍ കരകവിഞ്ഞപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വെള്ളം കയറാതിരിക്കാന്‍ പഞ്ചായത്തിന്‍റെ ഇത്തരം ഇടപെടല്‍ സഹായകരമായിരുന്നു.