ഇടുക്കി: തെങ്ങ് കൃഷിക്ക് ഭീഷണി ഉയര്‍ത്തുന്ന കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി എന്നിവയുടെ ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കുന്ന കോക്കനട്ട് ട്രാപ്പ് ഹൈറേഞ്ച് മേഖലയിലും സുപരിചിതമാകുന്നു. തെങ്ങിന്‍ തോപ്പുകളില്‍ കെണി ഒരുക്കി ചെല്ലികളെ ആകര്‍ഷിച്ച് ട്രാപ്പില്‍ പെടുത്തി ഇല്ലാതാക്കുകയാണ് കോക്കനട്ട് ട്രാപ്പിൻ്റെ രീതി. അടിമാലി മേഖലയിലെ കേര കര്‍ഷകരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പിലൂടെയാണ് കോക്കനട്ട് ട്രാപ്പ് ലഭ്യമാക്കിയത്.
കൊമ്പന്‍ ചെല്ലിയും ചെമ്പന്‍ ചെല്ലിയും തെങ്ങ് കൃഷിക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന കീടങ്ങളാണ്. ഇവയെ തുരത്താന്‍ കര്‍ഷകര്‍ പലവിധത്തിലുള്ള പ്രയോഗങ്ങളാണ് നടത്തുന്നത്. കൊമ്പന്‍ചെല്ലിയേയും ചെമ്പന്‍ ചെല്ലിയേയും ഫലപ്രദമായി പിടികൂടാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് കോക്കനട്ട് ട്രാപ്പ്. ചെല്ലികളെ തുരത്താന്‍ സഹായിക്കുന്ന ഈ കെണി ഹൈറേഞ്ച് മേഖലയിലും സുപരിചിതമാകുകയാണ്. കേര കര്‍ഷകരുടെ ആവശ്യപ്രകാരം അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പില്‍ കോക്കനട്ട് ട്രാപ്പ് ലഭ്യമാക്കിയിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പറഞ്ഞു.
ബക്കറ്റിനോട് സാദ്യശ്യമുള്ള പാത്രത്തില്‍ വെള്ളം നിറച്ച് തെങ്ങിന്‍ തോപ്പുകളില്‍ തൂക്കിയിടും. പാത്രത്തിൻ്റെ മുകള്‍ഭാഗത്തായി രണ്ട് വലിയ ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. തൂക്കിയിട്ടിരിക്കുന്ന പാത്രത്തിൻ്റെ അടപ്പില്‍ ചെല്ലികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രത്യേക തരം മരുന്ന് സൂക്ഷിച്ചിട്ടുണ്ടാകും. ഇങ്ങനെയെത്തുന്ന ചെല്ലികള്‍ ദ്വാരത്തിലൂടെ പാത്രത്തിനുള്ളില്‍ കയറുകയും വെള്ളത്തില്‍ വീഴുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രവര്‍ത്തന രീതി.