ഇടുക്കി: കൊക്കോ കൃഷിയില്‍ നിന്നും ഹൈറേഞ്ചിലെ കര്‍ഷകർ പിന്‍വാങ്ങാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൊക്കോയുടെ ഉൽപ്പാദനത്തില്‍ വന്നിട്ടുള്ള വലിയ കുറവാണ് കര്‍ഷകരെ ഇതര കൃഷികളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. കായ പിടിത്തം കുറഞ്ഞതോടെ കൊക്കോ മരങ്ങള്‍ വെട്ടി നീക്കി പകരം ഏലവും ജാതിയുമടക്കമുള്ള കൃഷികളിലേക്ക് ഇതിനോടകം പല കര്‍ഷകരും തിരിഞ്ഞിട്ടുണ്ട്.
ഏലം, കുരുമുളക്, ജാതി, ഗ്രാമ്പു, കാപ്പി എന്നിവക്കൊപ്പം ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന കൃഷികളിലൊന്നാണ് കൊക്കോ. എന്നാല്‍, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കര്‍ഷകര്‍ പലരും കൊക്കോ കൃഷിയില്‍ നിന്നും പിന്‍തിരിയുകയാണ്. ഉൽപ്പാദനക്കുറവാണ് കൊക്കോ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
കൊക്കോ മരങ്ങളില്‍ പേരിന് പോലും കായ്‌കള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. കൊക്കോ മരങ്ങളില്‍ നിന്നും ഒരോ ആഴ്‌ചയും ലഭിച്ചിരുന്ന വരുമാനമായിരുന്നു പല കുടുംബങ്ങളുടെയും കുടുംബ ബഡ്‌ജറ്റ് മുമ്പോട്ട് കൊണ്ടു പോയിരുന്നത്. മഴക്കാലങ്ങളിലും വേനൽക്കാലങ്ങളിലും കൊക്കോ കൃഷിയില്‍ നിന്നും വരുമാനം ലഭിച്ചിരുന്നു. എന്നാല്‍, 2018ലെ പ്രളയത്തിന് ശേഷം കൊക്കോ മരങ്ങളില്‍ കായ പിടിക്കാത്ത അവസ്ഥയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
നിലവില്‍ 200 രൂപയാണ് ഉണക്ക കൊക്കോയുടെ വില. 70 രൂപ പച്ച കൊക്കോയ്‌ക്കും വില ലഭിക്കുന്നു. മെച്ചപ്പെട്ട വില ലഭിച്ചിട്ടും വിപണിയിലെത്തിക്കാന്‍ ഉൽപ്പന്നമില്ലാത്തതിന്‍റെ നിരാശ കര്‍ഷകര്‍ക്കുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ കൊക്കോ മരങ്ങള്‍ സ്ഥല നഷ്‌ടത്തിന് ഇടയാക്കുന്ന കൃഷിയായി മാറിക്കഴിഞ്ഞുവെന്നും കര്‍ഷകര്‍ പറയുന്നു.