ഇടുക്കി: മൂന്നു വര്‍ഷത്തോളമായി തുടരുന്ന അപ്രതീക്ഷിത കാലാവസ്ഥ മാറ്റം ഇടുക്കി ജില്ലയിലെ കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു. 2018ലെ പ്രളയത്തിനു പിന്നാലെയാണ് ജില്ലയിലെ കാലാവസ്ഥയില്‍ അടിമുടി മാറ്റമുണ്ടായതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലെ ശക്തമായ മഴ. പിന്നീട് നവംബര്‍ വരെ ഇടവിട്ട മഴ. ഇടക്കിടെയുള്ള ഇളം വെയിൽ. ഡിസംബര്‍, ജനുവരി മാസങ്ങളിലെ കോടമഞ്ഞ്. ഇവയെല്ലാമാണ് ജില്ലയെ കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമാക്കിയത്. ലോക മാര്‍ക്കറ്റില്‍ ശ്രദ്ധ നേടിയ ഇടുക്കി ഏലക്കായുടെ പിറവിക്ക് പിന്നിലും കാലാവസ്ഥയിലെ ഈ പ്രത്യേകതക്ക് സ്ഥാനമുണ്ട്.
എന്നാല്‍ മിതമായ ചൂടും വെയിലും ഉണ്ടെങ്കില്‍ മാത്രമേ ഏലച്ചെടികള്‍ പരിപാലിക്കാന്‍ കഴിയുവെന്നും കാലാവസ്ഥയില്‍ മാറ്റം വന്നതോടെ ഏലം കൃഷി പാടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
also read: പൂഞ്ഞാറില്‍ കോടതി ഉത്തരവ് കൈമാറാനെത്തിയ ജീവനക്കാരിക്ക് നേരെ കൈയേറ്റ ശ്രമം
സമാനമാണ് കാപ്പി, കുരുമുളക് വിളകളുടെയും അവസ്ഥ. കാലം തെറ്റിയെത്തുന്ന മഴയും വെയിലും കാപ്പി, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നവരെ ദുരിതത്തിലാക്കി. തേയില, ഗ്രാമ്പു, ജാതി തുടങ്ങിയ വിളകളെയും കാലാവസ്ഥാ മാറ്റം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വിളവെടുപ്പ് സമയത്തുണ്ടായ മഴയെ തുടര്‍ന്ന് കിന്‍റല്‍ കണക്കിന് വിളകളാണ് അഴുകല്‍ ബാധിച്ച് നശിച്ചത്. ഇതോടെ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിയാളുകളാണ് ദുരിതത്തിലായത്.