ഇടുക്കി: ശാന്തൻപാറ വാക്കോടസിറ്റി അംഗൻവാടിയിൽ നിന്നും കുട്ടി തനിയെ ഇറങ്ങിപ്പോയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഛർദ്ദിച്ചതിനെ തുടർന്ന് കുട്ടിയെ താൻ വീട്ടിൽ എത്തിക്കുക ആയിരുന്നുവെന്നും അംഗൻവാടി വർക്കർ ലിസ്സി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് വർക്കർ അറിയാതെ അംഗൻവാടിയിൽ നിന്നും കുട്ടി ഇറങ്ങി വീട്ടിൽ പോയി എന്ന് വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇറങ്ങിപ്പോയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്‌തമാക്കി അംഗനവാടി ജീവനക്കാരി രംഗത്ത് എത്തിയത്.
വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ രമേശ്- പ്രിയങ്ക ദമ്പതികളുടെ മകൻ തിന ആനന്ദ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ അംഗൻവാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന് കുട്ടിയുടെ മുത്തശ്ശിയും ചില പ്രദേശവാസികളും ആരോപണം ഉന്നയിച്ചിരുന്നു. കുട്ടിയെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും ലിസ്സി പറഞ്ഞു. വർഷങ്ങളായി അംഗൻവാടിയിൽ ജോലിചെയ്യുന്ന താൻ എല്ലാ കുട്ടികളുമായി നല്ല ബന്ധത്തിലാണെന്നും, ആരെയും ഇന്നുവരെ മർദ്ദിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ഐസിഡിഎസ് സൂപ്പർവൈസറും ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും വർക്കറിൽ നിന്നും വിശദീകരണം തേടിയിരുന്നു. ആരോപണം കെട്ടിച്ചമച്ചതാണ് എന്നും കുട്ടിയുമായി ടീച്ചർ പോകുന്നത് കണ്ടുവെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത സമീപവാസി ലീലാ ശിവൻ പാലിയേകുടി പറഞ്ഞു.