ഇടുക്കി: ദേശീയ കാര്‍ഷിക വിപണിയായ ഇനാമില്‍ നാണ്യവിളയായ ഏലത്തിനെയും ഉള്‍പ്പെടുത്താനുള്ള നടപടികൾ അവസാനഘട്ടത്തിലെന്ന് ഡീന്‍ കുര്യാക്കോസ് എംപി. സ്‌പൈസസ് ബോര്‍ഡാണ് ഏലം കൃഷിയെ ദേശീയ കാര്‍ഷിക വിപണിയില്‍ എത്തിക്കുന്നതിനായുള്ള അനുമതിക്കായി വാണിജ്യ മന്ത്രാലയത്തെ സമീപിച്ചത്. കൃഷി മന്ത്രാലയത്തിന്‍റെയും അനുമതി ലഭിച്ചാല്‍ ഏലം വിപണിയ്ക്ക് പുതിയ കരുത്തേക്കാന്‍ കഴിയുമെന്നും എംപി പറഞ്ഞു.
മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ ഏലം വിപണിയില്‍ രാജ്യത്തെവിടെ നിന്നും കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കും. ഇതുവഴി തകര്‍ന്നടിഞ്ഞ ഏലം വിലയെ ഉയര്‍ത്തി കൊണ്ടുവരാൻ സാധിക്കും. നിലവിലെ ഏലം ലേല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുറ്റടി കേന്ദ്രീകരിച്ച് തന്നെ ഇനാമിന്‍റെ പ്രവര്‍ത്തനം നടത്താന്‍ കഴിയും. എന്നാല്‍ കൃഷി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാന്‍ മാത്രമേ ഏലത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എത്തിയ്ക്കാന്‍ സാധിക്കുവെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തകര്‍ന്ന ഏലം മേഖലയ്ക്ക് താങ്ങുവില പോലും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രമാത്രം ആത്മാർഥത പുലര്‍ത്തുമെന്നത് കണ്ടറിയണമെന്നും ഡീന്‍ പറഞ്ഞു.