ഇടുക്കി: ലേലം കൃത്യസമയത്ത് നടത്താതെയും ഗുണനിലവാരം ഇല്ലാത്ത ഏലയ്‌ക്ക ലേലത്തിന് എത്തിച്ചും കൃത്രിമ വിലയിടിവ് സൃഷ്‌ടിക്കാൻ വൻകിട വ്യാപാരികൾ വിപണിയില്‍ ഇടപടല്‍ നടത്തുന്നുന്നുവെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍. വിലയിടിവും കാലാവസ്ഥ വൃതിയാനവും മൂലം കടുത്ത പ്രതിസന്ധിലായിരുന്നു ഏലം കാർഷിക മേഖല. എന്നാല്‍ അതെല്ലാം മറികടന്ന് ഏതാനും നാളുകളായി, ഏലയ്ക്കക്ക് മികച്ച വില ലഭിയ്ക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. അതിനിടെയാണ് വിപണിയിലെ വന്‍ കിടക്കാരുടെ ഇടപെടല്‍ മൂലം, ഏലം വിപണി തകരുകയാണെന്നാണ ആരോപണവുമായി കര്‍ഷകർ രംഗത്ത് എത്തിയത് ( Auction Agencies And Big Shots Are Exploiting Cardamom Farmers).
ലേലം കൃത്യ സമയത്ത് നടത്താതെയും കയറ്റുമതി നടത്തുന്ന ഏജന്‍സികള്‍ കൃത്രിമ വിലയിടവ് സൃഷ്‌ടിച്ചും വിപണി തകര്‍ക്കുകയാണ്. ലേല ഏജന്‍സികളും വന്‍കിട കച്ചവടക്കാരും കര്‍ഷകരില്‍ നിന്നും പച്ച ഏലക്ക സംഭരിച്ച്, ശരിയായ രീതിയില്‍ ഉണക്കാതെ വിപണിയില്‍ എത്തിയ്ക്കുന്നതായും കര്‍ഷകര്‍ ആരോപിയ്ക്കുന്നു. ഇത് വിദേശ വിപണിയില്‍ ഏലയ്‌ക്കായുടെ വിലയിടിവിന് കാരണമാകും. ഇത്തരം നടപടികള്‍ അവസാനിപ്പിയ്ക്കാന്‍ സ്‌പൈസ് ബോര്‍ഡും സര്‍ക്കാരും ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഉല്‍പാദനം കുറഞ്ഞതും തിരിച്ചടി: ഏലക്കായ്ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞത് കർഷകൾക്ക് തിരിച്ചടിയാവുന്നു. കാലാവസ്ഥ വ്യതിയാനം മൂലം പൂവ് കരിഞ്ഞ് പോയതാണ് ഉൽപാദനം കുറയുവാൻ കാരണം. ചൂട് കൂടിയതാണ് പൂവ് കരിഞ്ഞ് പോകുവാൻ കാരണമായത്.
അനിയന്ത്രിതമായി വർധിക്കുന്ന വളം വില, കീടനാശിനികളുടെ വിലക്കയറ്റം, തൊഴിലാളികളുടെ കൂലി വർധന എന്നിവയാണ് കർഷകർ നേരിട്ട മറ്റൊരു പ്രതിസന്ധി. ഓരോ കീടനാശിനികൾക്കും 100 മുതൽ 1000 രൂപയുടെ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കേട്ടുകേൾവിയും പരിചയവുമില്ലാത്ത രോഗബാധകളാണ് ഓരോ ചെടികളെയും ബാധിക്കുന്നത്. ഇവക്ക് പലവിധ മരുന്നുകളും വിപണിയിലുണ്ട്.
കൊവിഡ് കാലത്ത് വിദേശത്തു നിന്നു ജോലി നിർത്തി വന്നവർ വൻ തോതിൽ ഏല തോട്ടം പാട്ടത്തിനെടുത്തും ഭൂമി വാങ്ങിയും ഏലം കൃഷി ചെയ്തിരുന്നു. കൂടാതെ ചെറുതും വലുതുമായ നിരവധി കർഷകരും പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലുമൊക്കൊയായി ഏലം കൃഷി വിപുലപ്പെടുത്തിയിരുന്നു. ഇതു കൂടാതെ നിലവിലുണ്ടായിരുന്ന കർഷകരും കൃഷി ഊർജിതമാക്കിയിരുന്നു. ഉൽപാദനം കുറഞ്ഞതോടെ കർഷകർ കടക്കെണിയിലാണ്.
ഏലയ്‌ക്ക മോഷണം വ്യാപകമെന്ന് പരാതി: രാജാക്കാട്ടില്‍ 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 12 ചാക്ക് ഏലയ്‌ക്ക മോഷണം പോയതായി പരാതി. രാജാക്കാട് ചെറുപുറം മുത്തനാട്ട് ബിനോയിയുടെ ഏലയ്‌ക്ക സ്റ്റോറിലാണ് കഴിഞ്ഞ സെപ്‌റ്റംബർ 3 ന് മോഷണം നടന്നത്. ബിനോയിയും കുടുംബവും ഒരാഴ്‌ചയായി സ്ഥലത്തില്ലായിരുന്നു. ബിനോയിയുടെ തൊഴിലാളികള്‍ കുറച്ച് മാറിയുളള തോട്ടത്തിലെ ഷെഡിലാണ് താമസിക്കുന്നത്. തൊഴിലാളികള്‍ ഞായറാഴ്‌ച വൈകിട്ട് സ്റ്റോറില്‍നിന്നും രാത്രി 8.30 ന് ശേഷമാണ് ഷെഡിലേക്ക് പോയത്.
തിങ്കളാഴ്ച രാവിലെ എത്തിയപ്പോള്‍ സ്റ്റോറില്‍ ഏലക്കായ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ വാതിലിന്‍റെ താഴ് തകര്‍ത്ത നിലയില്‍ കണ്ടു. തുടര്‍ന്ന് ബിനോയിയെ വിവരമറിയിക്കുകയും പരിശോധന നടത്തിയപ്പോള്‍ ഉണക്കി വച്ചിരുന്ന ഏലയ്ക്ക ചാക്കുകളില്‍ 12 എണ്ണം മോഷ്‌ടിക്കപ്പെട്ടതായും കണ്ടെത്തി. ബിനോയി രാജാക്കാട് പോലീസില്‍ പരാതി നല്‍കി.
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് മോഷ്‌ടാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി രാജാക്കാട് സി.ഐ ബി.പങ്കജാക്ഷന്‍ പറഞ്ഞു. 3 മാസങ്ങള്‍ക്കു മുന്‍പ് സമീപത്തെ വീട്ടില്‍ നിന്നും പണവും, ലാപ് ടോപ്പും മോഷ്‌ടാക്കൾ അപഹരിച്ചിരുന്നു.