ഇടുക്കി: മൂന്നാറില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡിവിഷനില്‍ ലയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. പ്രദേശവാസിയായ ഗണേശന്‍റെ ഓട്ടോറിക്ഷയാണ് കത്തി ചാമ്പലായത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന് ഗണേശന്‍ പരാതി പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഗണേശന്‍ രാത്രി ഓട്ടം അവസാനിപ്പിച്ച ശേഷം വാഹനം ലയത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. രാത്രിയില്‍ പുറത്തു നിന്നും സ്‌ഫോടന ശബ്‌ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഓട്ടോറിക്ഷക്ക് തീപിടിച്ച വിവരം ഗണേശന്‍ അറിയുന്നത്. തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും വാഹനം പൂര്‍ണമായി കത്തിനശിച്ചിരുന്നു.
രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററിയും മോഷണം പോകുന്നത് പതിവാണെന്ന പരാതിയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം നടന്നിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ കത്തിനശിച്ച സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപജീവനമാര്‍ഗം കത്തിനശിച്ചതോടെ ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോവുമെന്ന ആശങ്കയിലാണ് ഗണേശന്‍.