ഇടുക്കി: കേരളം കണ്ട ഏറ്റവും വലിയ പ്രളയം കഴിഞ്ഞിട്ട് ഒരു വർഷം. പ്രളയത്തില്‍ തകർന്ന പാലം അറ്റകുറ്റപ്പണി നടത്തണമെന്ന ഇടുക്കി മാങ്കുളം പറക്കുടിക്കാരുടെ ആവശ്യത്തിന് അംഗീകാരമായില്ല. മാങ്കുടിയിലെ ഗോത്ര മേഖലക്കാരുടെ ഒരേയൊരു യാത്രാമാർഗ്ഗമാണ് പാലം. അമ്പതാംമൈല്‍ തോമാച്ചന്‍കടക്കല്‍ നിന്നും പാറക്കുടിയിലേക്കുള്ള പാതയിലാണ് പ്രളയം തകര്‍ത്ത പാലം സ്ഥിതി ചെയ്യുന്നത്. മഴ കനത്തതോടെ പാറക്കുടിയിലേക്കുള്ള യാത്രാ ക്ലേശവും ഇരട്ടിയായി
ഈറ്റയും മുളയും ചേര്‍ത്ത് വച്ച് പാലത്തെ കരയുമായി ബന്ധിപ്പിക്കുന്ന താല്‍ക്കാലിക യാത്രാ മാര്‍ഗം ആദിവാസികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും വര്‍ഷകാലം കനത്തതോടെ യാത്ര ചെയ്യാൻ ഈ സംവിധാനം മതിയാകില്ല. 20ഓളം മുതുവാന്‍ സമുദായക്കാരാണ് പാറക്കുടിയില്‍ താമസിക്കുന്നത്. കുട്ടികള്‍ സ്കൂളിൽ പോകുന്നതും കോളനിക്കാരുടെ യാത്രയും പാതി തകര്‍ന്ന ഈ പാലത്തിലൂടെയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനെ സമീപിച്ചതായി മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു പറഞ്ഞു.