ഇടുക്കി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും സേനാപതി പഞ്ചായത്തില്‍ വ്യാപക കൃഷി നാശം. സേനാപതി പഞ്ചായത്തിലെ കനകപുഴ സ്വദേശി കരിംകുളത്ത് സത്യന്‍റെ അരയേക്കർ പാവൽ തോട്ടമാണ് കഴിഞ്ഞ ദിവസത്തെ ശക്‌തമായ കാറ്റിലും മഴയിലും നശിച്ചത്. തോട്ടം മേഖലയ്ക്ക് ആശ്വാസമായി ലഭിച്ച വേനല്‍ മഴക്കൊപ്പം എത്തിയ കാറ്റിലാണ് പാവല്‍ തോട്ടങ്ങൾ നിലം പൊത്തിയത്.
ഇതോടെ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കിയ കർഷകർ ദുരിതത്തിലായി. ആഴ്‌ചയില്‍ 250 കിലോ വിളവ് ലഭിച്ചിരുന്ന തോട്ടമാണിത്. ജൂൺ മാസം വരെ തുടർച്ചയായി വിളവ് ലഭിക്കുന്ന കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ ബാധ്യതയിലാണ് കർഷകൻ. ലോക്ക് ഡൗണിനെ തുടർന്ന് പച്ചക്കറി സംഭരിക്കുന്ന സർക്കാർ സംവിധാനമായ ബ്ലോക്ക് ലെവൽ മാർക്കറ്റിങ് ഫെഡറേഷന്‍റെ വാഹനം എത്താത്തതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.