ഇടുക്കി : കുളത്തിന്‍റെ കരാർ കാലാവധി നീട്ടി നൽകാമെന്നും വ്യാജ മിനിറ്റ്സ് തയ്യാറാക്കി നൽകാമെന്നും വാഗ്‌ദാനം ചെയ്‌ത് കരാറുകാരന്‍റെ പക്കൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ബിഡിഒയും എക്‌സ്റ്റന്‍ഷന്‍ ഓഫിസറും വിജിലൻസ് പിടിയിലായി. സംഭവത്തിൽ നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫിസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫിസർ നാദിർഷ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്‌തത്.
പിടിയിലായത് വീട്ടിലെത്തി തുക വാങ്ങുന്നതിനിടെ
കള്ളിമാലി കാർഷിക ജലസേചന പദ്ധതിയുടെ കീഴിൽ കുളം നിർമിക്കുന്നതിന് രാജാക്കാട് സ്വദേശി 2019ൽ അഞ്ച് സെന്‍റ് വസ്‌തു നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി എഴുതി നൽകിയിരുന്നു. ഈ വസ്‌തുവിൽ ബ്ലോക്ക് പഞ്ചായത്തും തൊടുപുഴ ഇറിഗേഷൻ വകുപ്പും ചേർന്ന് 25 ലക്ഷം രൂപ മുടക്കി കുളം നിർമിക്കാന്‍ കരാർ ആയി. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തു.
2020 ഫെബ്രുവരിയിൽ കുളത്തിന്‍റെ നിർമാണം ആരംഭിച്ചു. കുളം കുഴിച്ചുതീർന്നെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കൊവിഡും മറ്റും കാരണം പൂർത്തിയായില്ല. ഇതേതുടർന്ന് നെടുങ്കണ്ടം ബിഡിഒ ഷൈമോൻ ജോസഫ് സ്ഥലം സന്ദർശിച്ചു. പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമയ്ക്കാണെന്നും കുളത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കർഷകരുടെ മീറ്റിങ് വിളിക്കണമെന്നും ഷൈമോൻ ആവശ്യപ്പെട്ടു.
ALSO READ: കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്ന് എംഎം ഹസൻ
സർക്കാർ പണം ഉപയോഗിച്ച് നിർമിക്കുന്ന കുളത്തിന് വ്യക്തിപരമായ പ്രയോജനം ഉള്ളതിനാൽ പരാതിപ്പെട്ടാൽ പ്രശ്‌നമാകുമെന്നും അങ്ങനെ വരാതെ മിനിറ്റ്സ് റെഡിയാക്കാമെന്നും വേണ്ടതുപോലെ കാണണമെന്നും ഷൈമോൻ പറഞ്ഞു. താൻ തന്നെ മിനിറ്റ്സ് തയ്യാറാക്കാമെന്നും തനിക്ക് 20,000 രൂപയും ക്ലർക്കിന് 10,000 രൂപയും നല്‍കണമെന്നും ഷൈമോൻ ആവശ്യപ്പെട്ടു. തുടർന്ന് അത്രയും പണം ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ 25000 രൂപക്ക് സെറ്റിൽ ചെയ്യാമെന്നായി.
എന്നാല്‍ സൗജന്യമായി സർക്കാരിന് നൽകിയ സ്ഥലത്ത് കൃഷി ആവശ്യത്തിന് കുളം നിർമിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് രാജാക്കാട് സ്വദേശി പരാതിയുമായി വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ്‌കുമാറിനെ സമീപിക്കുകയായിരുന്നു.
പൊലീസ് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരം ഇടുക്കി യൂണിറ്റിൽ പരാതി നൽകി. ഷൈമോനെ വീട്ടിൽ വിളിച്ചുവരുത്തി കൈക്കൂലി കൈമാറുന്നതിനിടെ, ഒളിച്ചുനിന്ന വിജിലൻസ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു.