ഇടുക്കി: പ്രളയം തകര്‍ത്തത് തിരികെ പിടിക്കാൻ ഹൈറേഞ്ചിലെ കര്‍ഷകര്‍ വീണ്ടും ഏത്തവാഴ കൃഷി ആരംഭിച്ചു. പ്രളയവും കാലാവസ്ഥാ വ്യതിയാനവും മൂലം കഴിഞ്ഞ കൊല്ലം കൃഷി നശിച്ച കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇക്കൊല്ലം വാഴകൃഷിക്ക് ഇറങ്ങിയിരിക്കുന്നത് .ഇക്കൊല്ലമെങ്കിലും മഴ ചതിക്കില്ലെന്ന വിശ്വാസത്തിലാണവര്‍. മുൻ വര്‍ഷം പ്രളയം ഏറ്റവുമധികം ബാധിച്ചത് ഏത്തവാഴ കര്‍ഷകരെ ആയിരുന്നു. ഓണവിപണി മുന്നില്‍ കണ്ട് കൃഷി ചെയ്ത ഏത്തക്കുലകള്‍ പൂര്‍ണമായും പ്രളയമെടുത്തിരുന്നു.
വായ്‌പയെടുത്ത് നടത്തിയ ഏത്തവാഴ കൃഷിയാണ് കഴിഞ്ഞ പ്രളയത്തില്‍ നശിച്ചത് . ഇതോടെ ഏത്തവാഴ കര്‍ഷകര്‍ കടക്കെണിയിലായി. വരുന്ന സീസണില്‍ മികച്ച വില ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ വീണ്ടും ദുരിതത്തിലാകും. ലാഭമില്ലെങ്കില്‍ ഏത്തവാഴ കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് മാറേണ്ട അവസ്ഥയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു. ഇതിന് പുറമേ വളങ്ങളുടേയും കീടനാശിനികളുടേയും വില വര്‍ധനവ് കൃഷിയുടെ ഉത്പാദന ചെലവ് വര്‍ധിപ്പിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.