ഇടുക്കി : മൂന്നാറിലെ പച്ച പരവതാനി വിരിച്ച മലനിരകൾക്ക് ഇടയിലൂടെയുള്ള യാത്രയിൽ റോഡ് സൈഡിലായി കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസ് നിർത്തിയിട്ടിരിക്കുന്നത് കാണാം. യാത്രപോകാൻ ഒരുങ്ങിനിൽക്കുന്ന ബസാണെന്ന് കരുതിയെങ്കിൽ തെറ്റി. സംസ്ഥാന സർക്കാരിന്‍റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിവാസൽ പഞ്ചായത്ത് രണ്ടാം മൈലിൽ പണികഴിപ്പിച്ച വിശ്രമ കേന്ദ്രമാണിത്.
വെറുമൊരു വിശ്രമകേന്ദ്രം മാത്രമല്ല ഈ ബസ്. ഇതിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ പിങ്ക് കഫേയിൽ നിന്നും ഇടുക്കിയുടെ തനത് ഭക്ഷണ വിഭവങ്ങൾ കഴിക്കാം. കൂടാതെ കോടമഞ്ഞും മലനിരകളും ആസ്വദിക്കാം. സ്റ്റിയറിങ്ങും എഞ്ചിനും ഒന്നും ഇല്ലെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ്, സാനിറ്ററി പാഡ് ഡിസ്പോസർ, ഇരിപ്പിടങ്ങൾ അങ്ങനെ നീളുന്നു ബസിലെ സൗകര്യങ്ങൾ.
ALSO READ : ചെങ്കുളം പവര്‍ ഹൗസിലേയ്ക്കുള്ള പൈപ്പില്‍ ചോര്‍ച്ച; നടപടി സ്വീകരിച്ച് അധികൃതർ
ശുചിത്വമിഷനും പള്ളിവാസൽ ഗ്രാമപഞ്ചായത്തും സംയുക്തമായി എട്ടര ലക്ഷം രൂപ മുതൽ മുടക്കിലാണ് ഈ വഴിയിട വിശ്രമ കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകിയാണ് ബസ് മാതൃക.
വരും നാളുകളിൽ സമീപത്തായി ചെറു പൂന്തോട്ടവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിന്‍റെ നടത്തിപ്പ് ചുമതലക്കായി ഹരിതകർമ സേനയിൽ നിന്ന് പത്തംഗ കുടുംബശ്രീ സംഘത്തെയും പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.