ഇടുക്കി: ജീവനൊന്ന് പൊലിഞ്ഞിട്ടും വൻ അപകട ഭീഷണി നിലനിൽക്കുന്ന പാലത്തിൽ കൈവരി നിർമിക്കാൻ തയ്യാറാവാതെ അധികൃതർ. കുത്തിറക്കത്തിലുള്ള കൊടുംവളവിൽ സ്ഥിതിചെയ്യുന്ന ഇടുക്കി കൂട്ടാർ പാലത്തിലാണ് കൈവരികൾ ഇല്ലാത്തതു മൂലം ദിനംപ്രതി അപകടങ്ങൾ തുടർക്കഥയാവുന്നത്.
ആറ് കോടി 85 ലക്ഷം രൂപ ചെലവിട്ടാണ് ആമയാർ കൂട്ടാർ റോഡ് രണ്ടു മാസങ്ങൾക്കു മുമ്പ് പൂർത്തീകരിച്ചത്. കല്ലാർപുഴയുടെ കൈവഴികളായ കൊച്ചറയാറിന്‍റെയും അലിയാറിന്‍റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന പാലമാണ് കൂട്ടാർ പാലം. മാസങ്ങൾക്ക് മുമ്പ് പണി പൂർത്തീകരിച്ച റോഡിന്‍റെ കരാറുകാരനും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണ് കൈവരി നിർമിക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുന്നത്.
Read Also............സ്വത്ത് തർക്കം : ഇടുക്കിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൈവരികൾ ഇല്ലാത്തതിനാൽ നിരവധി വാഹനങ്ങളാണ് നിയന്ത്രണം നഷ്ടപ്പെട്ടു പുഴയിലേക്ക് മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞവർഷം നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് യുവാവ് മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അടിയന്തരമായി കൈവരികൾ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ റോഡ് പണി തീർന്നിട്ടും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല.