ഇടുക്കി: നെടുങ്കണ്ടം കല്ലാറില്‍ വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിന് നേരെ രാത്രിയുടെ മറവില്‍ ആക്രമണം നടന്നതായി പരാതി. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. റോഡ് നിര്‍മാണവുമായി ബന്ധപെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് ആരോപണം.
പട്ടികജാതി വിഭാഗത്തില്‍ പെട്ട കരിമ്പോലില്‍ കുട്ടപ്പന്‍ ഭാര്യ കരുണമ്മ എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിയിക്കുന്നതിനിടെയില്‍ വലിയ ശബ്ദം കേള്‍ക്കുകയായിരുന്നു. രാത്രിയുടെ മറവില്‍ എത്തിയ അക്രമികള്‍, ഇഷ്ടിക വീടിന് നേരെ എറിയുകയും ജനല്‍ ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു.
സംഭവം നടന്ന ഉടനെ കുട്ടപ്പന്‍ വീടിന് പുറത്തിറങ്ങി നോക്കിയെങ്കിലും അക്രമികള്‍ ഓടി രക്ഷപെട്ടെന്ന് ഇവര്‍ പറഞ്ഞു. സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയിലൂടെ പ്രദേശത്തേയ്ക്ക് റോഡ് നിര്‍മിയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പാത താത്കാലികമായി ഒരുക്കുന്നതിനായി, നെടുങ്കണ്ടത്ത് നിന്നും കെട്ടിട അവശിഷ്ടങ്ങള്‍ ഇവിടേക്ക് എത്തിച്ചിരുന്നു.
എന്നാല്‍ ടണലിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഭാരവണ്ടികള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടി ഒരു പറ്റം ആളുകള്‍ രംഗത്ത് എത്തി. ഇവരെ എതിര്‍ത്ത് സംസാരിച്ചതിനാലാണ്, കുട്ടപ്പന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് ആരോപണം. ഗൃഹനാഥന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.