ഇടുക്കി: 98-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് ലക്ഷ്മിയമ്മ. മൂന്നു മാസം മുൻപാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ലക്ഷ്മിയമ്മയെ കുമളിയില സി.എഫ്.എൽ.ടിസിലേക്ക് മാറ്റിയത്. സന്നദ്ധ ഡോക്ടർമാരുടെ കൃത്യമായ പരിചരണമാണ് ലക്ഷ്മിയമ്മയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
ALSO READ: ദേവികുളത്തെ കൊവിഡ് രോഗികൾക്ക് ആശ്വാസമായി സാമൂഹിക അടുക്കള സജീവമായി
മൂന്നാഴ്ചകള്‍ക്ക് മുമ്പ് കൊല്ലംപട്ടട സ്വദേശിയായ ലക്ഷ്മിയമ്മയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍ വീട്ടുകാര്‍ക്കൊപ്പും കുമളിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയൊരു ആശങ്കയുണ്ടായിരുന്നു. 98 വയസ് പിന്നിട്ട ലക്ഷ്മിയമ്മയ്ക്ക് പ്രായത്തിന്‍റേതായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം രോഗബാധ ഉണ്ടായതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായത്.
ആദ്യം വീട്ടില്‍ തന്നെ ചികിത്സ നല്‍കാമെന്ന് തീരുമാനിച്ചെങ്കിലും ശരീരത്തില്‍ ഓക്‌സിജന്‍റെ അളവ് ക്രമാതീതമായി കുറയാന്‍ തുടങ്ങിയതോടെ പെരിയാര്‍ ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റിയത്. കൊവിഡിനോട് പൊരുതാനുറച്ചെത്തിയ ലക്ഷ്മിയമ്മയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തും പൂര്‍ണമായ പിന്തുണയാണ് നല്‍കിയത്. മികച്ച ചികിത്സകൂടി ഒരുക്കാന്‍ തുടങ്ങിയതോടെ രോഗമുക്തി ആരോഗ്യ പ്രവര്‍ത്തകര്‍ വിചാരിച്ചതിലും വേഗത്തിലായി.
ALSO READ: ഇടുക്കിയിൽ കെട്ടിട നിർമാണമേഖല പ്രതിസന്ധിയിൽ
മൂന്നാഴ്ചകള്‍ക്കിപ്പുറം പ്രായത്തിന്‍റേതായ ചെറിയ അവശതകള്‍ ഒഴിച്ചാല്‍ ലക്ഷ്മിയമ്മ പൂര്‍ണ ആരോഗ്യവതിയാണ്. ഏതൊരു പ്രായത്തിലുള്ളവര്‍ക്കും കൊവിഡിനെ അതിജീവിക്കാന്‍ കഴിയുമെന്ന് ലക്ഷ്മിയമ്മ വീണ്ടും തെളിയിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ ഏറ്റവും പ്രായംകൂടിയ കൊവിഡ് രോഗമുക്തി തേടിയ ആള്‍ എന്ന നേട്ടവും ലക്ഷ്മിയമ്മയ്ക്കാണ്. ലക്ഷ്മിയമ്മയെ വീട്ടിലേയ്ക്ക് യാത്രയാക്കാന്‍ ആരോഗ്യവിഭാഗത്തില്‍ നിന്നും പഞ്ചായത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.