ഇടുക്കി: ഇടുങ്ങിയ മുറി, വിണ്ടു കീറിയ ഭിത്തി, കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്ന മേല്‍കൂര... ഏത് നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലാണ് നെടുങ്കണ്ടം ആശാരികണ്ടം കോളനിയിലെ വീടുകള്‍. മഴക്കാലമെത്തിയാല്‍ ഇവിടുള്ളവരുടെ നെഞ്ചില്‍ തീയാണ്. കോണ്‍ക്രീറ്റിന് മുകളില്‍ ആസ്‌ബറ്റോസ് ഷീറ്റ് വിരിച്ചും പടുത വലിച്ച് കെട്ടിയും നനയാതെ കഴിച്ചുകൂടും. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ വീടുകള്‍ക്ക്.
1996ല്‍ രാജീവ് ഗാന്ധി ദശലക്ഷ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൗസിംഗ് ബോര്‍ഡ് ആശാരികണ്ടത്ത് 50 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പിന്നീട് അവിടെ യാതൊരുവിധ അറ്റകുറ്റ പണികളും ഹൗസിംഗ് ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ കോളനിയില്‍ നടന്നിട്ടില്ല. ഭൂമിക്ക് പട്ടയം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ആര്‍ക്കും ഭൂമി സ്വന്തമല്ല, സ്വന്തം നിലയ്‌ക്ക് അറ്റകുറ്റപ്പണി നടത്താനും നിവര്‍ത്തിയില്ല.
കോളനി നിവാസികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ എം.എസ് ഷാജി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2019 ഒക്‌ടോബറില്‍ കോളനിയിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപെടുത്തണമെന്നാവശ്യപെട്ട് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവും ഇറക്കി. എന്നാല്‍ കമ്മിഷന്‍റെ ഉത്തരവ് പാടെ അവഗണിക്കുകയാണ് അധികൃതര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നാണ് ഈ വീടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
Also Read: തടിവള്ളമല്ല, സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി ; ഇനി ഒഴുകുന്ന വീടുണ്ടാക്കാന്‍ സുകുമാരൻ
കോളനി നിവാസികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണമെന്നും വീടുകള്‍ വാസയോഗ്യമാക്കണമെന്നുമായിരുന്നു കമ്മിഷന്‍റെ നിര്‍ദേശം. ഇതില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തും ഹൗസിംഗ് ബോര്‍ഡും യാതോരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. വീടുകളുടെ ശോചനീയവസ്ഥ മൂലം കോളനിയിലെ ആദ്യകാല നിവാസികളില്‍ പലരും വീടുകള്‍ ഉപേക്ഷിച്ചു പോയി. നിലവില്‍ കോളനിയില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കുവാനും വീടുകള്‍ പുതുക്കി പണിയുവാനും അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം.