ഇടുക്കി: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ ആനക്കുളം. വേനലാകുന്നതോടെ ആനക്കുളത്തെ കുടിനീര് തേടി കാടിറങ്ങിവരുന്ന കരിവീരന്‍മാരെ കാണാന്‍ വർഷം തോറും നിരവധിപേരാണ് ഇവിടെ എത്തുന്നത്. പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമായ ഇവിടെ ഇക്കോ ടൂറിസത്തിന് കരുത്ത് പകരാന്‍ വനം വകുപ്പാണ് ഇന്‍ഫർമേഷന്‍ സെന്‍റർ ആരംഭിച്ചത്. 2017 ജൂണില്‍ വനം മന്ത്രി കെ രാജു നേരിട്ടെത്തി കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇക്കോഷോപ്പ്, മിനി തിയേറ്റര്‍, ആനകളെ അടുത്ത് കാണാനുള്ള ഗ്യാലറി തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിരുന്നു. സഞ്ചാരികളെ കൂടുതലായി ആനക്കുളത്തേക്ക് ആകര്‍ഷിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ തുടക്കത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് കേന്ദ്രം തുറന്നു പ്രവര്‍ത്തിച്ചത്. ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഉദ്ഘാടനം ഗംഭീരമാക്കിയതൊഴിച്ചാല്‍ മറ്റൊരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല എന്നതാണ് വസ്തുത. വനംവകുപ്പിന്റെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കേന്ദ്രം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് സമീപവാസികള്‍ പറയുന്നു. പ്രവർത്തനം താളംതെറ്റിയതോടെ ഇവിടെ നിന്നുള്ള വരുമാനവും നിലച്ചു. ആനക്കുളത്തിന്റെ വിനോദ സഞ്ചാര സാധ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും പദ്ധതികള്‍ വേണ്ടവിധം പ്രയോജനപ്രദമാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.