ഇടുക്കി: കാക്കയും മുയലും മാനും മലമുഴക്കി വേഴാമ്പലുമൊക്കെ നിറഞ്ഞ സ്‌കൂള്‍ മുറ്റം, വര്‍ണ ചിത്രങ്ങള്‍ നിറഞ്ഞ ക്ലാസ് മുറികള്‍. ഇടുക്കി തേര്‍ഡ്ക്യാമ്പ് സ്‌കൂളിലേയ്ക്ക് എത്തുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് അത്ഭുത കാഴ്‌ചകളാണ്. കളിച്ചും ചിരിച്ചും അറിവ് നേടാനുള്ള അവസരവും ഒപ്പം കുട്ടികളുടെ കഴിവുകളും കണ്ടെത്തുന്നതിനുള്ള പദ്ധതികളാണ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്.
പാര്‍ക്കിന് തുല്യമായി അരുവിയും തടാകവും വിവിധ ജീവികളുമൊക്കെ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ മുറ്റം മനോഹരമാക്കിയിരിക്കുന്നത്. ഭാഷയും ശാസ്ത്രവും ഗണിതവുമെല്ലാം വേഗത്തില്‍ മനസിലാക്കാനാവുന്ന തരത്തില്‍ വിവിധ ചിത്രങ്ങള്‍ ക്ലാസ് മുറികളുടെ ചുവരുകളിലും വരച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളാ പദ്ധതി വഴി 15 ലക്ഷം രൂപ മുടക്കിയാണ് സ്‌കൂളിലെ പഠനാന്തരീക്ഷം മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നത്.
ഓരോ കുട്ടിയിലും അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാഠപുസ്‌തകങ്ങളില്‍ നിന്ന് അറിവ് നേടുക എന്നതിനേക്കാള്‍ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഇവിടെ അവസരം ഒരുക്കുന്നു. കാടും പുഴയും ഗുഹയും ശലഭ ഉദ്യാനവുമൊക്കെ അടങ്ങുന്ന സ്‌കൂള്‍ പരിസരവും പ്രകൃതിയോട് ചേര്‍ന്നുള്ള പാഠ്യരീതിയുമാണ് അവതരിപ്പിക്കുന്നത്.
Also Read: നൂറ് തൊടാൻ ഡീസല്‍, ഇന്ധന വില വര്‍ധനവിന്‍റെ ഒൻപതാം ദിനം