ഇടുക്കി: മൂന്നാറില്‍ മാലിന്യം നീക്കാന്‍ ശുചിത്വ മിഷന്‍ വഴി നടപ്പിലാക്കിയ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം. പരസ്യം നല്‍കാതെയും ടെന്‍ഡര്‍ ക്ഷണിക്കാതെയും കരാര്‍ നല്‍കിയെന്നാണ് ആക്ഷേപം. കരാറേറ്റെടുത്തവര്‍ മാലിന്യം കൃത്യമായി നീക്കം ചെയ്യാതെ കരാര്‍ തുക കൈപ്പറ്റിയെന്നും ജില്ലാ പഞ്ചായത്തംഗമുള്‍പ്പെടെ ആക്ഷേപം ഉന്നയിക്കുന്നു. മൂന്നാറിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായാണ് ശുചിത്വ മിഷന്‍ വഴി സര്‍ക്കാര്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ മാലിന്യം നീക്കുന്നതിനായി ഫണ്ടനുവദിച്ചത്.
ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ നേരിട്ടെത്തി സന്ദര്‍ശിച്ച ശേഷം മാലിന്യം നീക്കുന്നതിന് ശുചിത്വ മിഷന്‍ വഴി 45 ലക്ഷം രൂപ തുക അനുവദിക്കുകയും കരാര്‍ നേരിട്ട് നല്‍കുകയുമായിരുന്നു. കാര്യമായൊന്നും ചെയ്യാതെ കരാറുകാരന്‍ ആദ്യം അനുവദിച്ച തുക കൈപ്പറ്റിയതിനു പിന്നാലെ ഇതേ പദ്ധതിക്ക് വീണ്ടും തുക അനുവദിച്ചതായി ആരോപണമുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന അവശ്യം.