ഇടുക്കി: നെടുങ്കണ്ടത്ത് യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. താന്‍ പറഞ്ഞ മൊഴി രേഖപ്പെടുത്താതെ കേസ് ദുര്‍ബലപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചു. കല്ലാര്‍ ദേവഗിരി പുത്തന്‍പുരക്കല്‍ പിഎസ് അജിത്തിനെ ജനുവരി 21ന് രാവിലെ 11 മണിക്കാണ് അയല്‍വാസി വാക്കത്തികൊണ്ട് വെട്ടിയത്. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞത് മൂലം കൈക്കാണ് പരിക്കേറ്റത്. ആഴത്തില്‍ മുറിവേറ്റ അജിത്തിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
നെടുങ്കണ്ടം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്ഐആറില്‍ എതിര്‍ കക്ഷി തെറി വിളിച്ചെന്നും വടികൊണ്ട് അടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഴുതിയിരിക്കുന്നതെന്നും അജിത്ത് പറഞ്ഞു. നെടുങ്കണ്ടം പൊലീസ് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും അജിത്ത് പറഞ്ഞു.