ഇടുക്കി : ഉടമയെ അറിയിക്കാതെ സഹകരണ ബാങ്ക് അധികൃതര്‍, പണയംവച്ച സ്വര്‍ണം ലേലത്തില്‍ വിറ്റതായി പരാതി. ഇടുക്കി പട്ടംകോളനി സര്‍വീസ് സഹകരണ ബാങ്കിനെതിരെ രാമക്കല്‍മേട് സ്വദേശിയായ പൊന്നവിളയില്‍ സ്‌മിത പ്രദീപാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണ പണയമാണ് ലേലത്തില്‍ വിറ്റതെന്നാണ് പരാതി.
തൂക്കുപാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പട്ടംകോളനി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 2021 ഫെബ്രുവരിയിലാണ് ഇവര്‍ സ്വര്‍ണ പണയത്തിന്‍ മേല്‍ ഒരു ലക്ഷം രൂപ വായ്‌പ എടുത്തത്. ഈടായി മൂന്നര പവനോളം സ്വര്‍ണം നല്‍കി. പിന്നീട് രണ്ട് തവണയായി ഇരുപത്തി ഏഴായിരത്തോളം രൂപ തിരികെ അടച്ചു.
കഴിഞ്ഞ ദിവസം പണയം തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ സ്വർണം ലേലം ചെയ്‌തതായി ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് മുന്‍കൂട്ടി നോട്ടിസ് നല്‍കിയില്ലെന്നാണ് സ്‌മിതയുടെ ആരോപണം. അതേസമയം നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പണയസ്വര്‍ണം ലേലം ചെയ്‌തതെന്നാണ് ബാങ്ക് അധികൃതരുടെ വാദം.
ഭർത്താവിന്‍റെയും മകളുടേയും ചികിത്സ ആവശ്യങ്ങള്‍ക്കായാണ് സ്‌മിത വായ്‌പ എടുത്തത്. പണയ ഉരുപ്പടികള്‍ തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ഇവര്‍ പൊലീസിലും സഹകരണ വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം രണ്ട് വര്‍ഷം കൊണ്ട് 7000 രൂപ മാത്രമാണ് ഇവര്‍ തിരികെ അടച്ചതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ബാങ്ക് അറിയിച്ചു. കൂലിവേലക്കാരിയായ സ്‌മിതയുടെ വരുമാനത്തിലാണ് അസുഖ ബാധിതനായ ഭര്‍ത്താവും രണ്ട് പെണ്‍മക്കളും കഴിയുന്നത്.
ഇവര്‍ താമസിച്ചിരുന്ന താത്കാലിക ഷെഡ് കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നു. ഇതോടെ സമീപത്തെ കുടുംബ വീട്ടിലാണ് ഇവര്‍ കഴിയുന്നത്.ലൈഫ് ഭവന പദ്ധതിയില്‍ നിന്നും ഇവരെ ഒഴിവാക്കിയതായും ആരോപണമുണ്ട്.