ഇടുക്കി : വട്ടവടയിൽ കനത്ത മഴയെ തുടര്‍ന്ന് ഒരേക്കറിലധികം വരുന്ന കൃഷിഭൂമി ഇടിഞ്ഞുതാഴ്ന്നു. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലാണ് വട്ടവട സ്വദേശി സ്വാമിനാഥന്‍റെ ഒരേക്കറിലധികം വരുന്ന കൃഷിഭൂമി ഇടിഞ്ഞുതാഴ്‌ന്നത്. വിളവെടുപ്പിന് ഭാഗമായ ബീൻസ് ഉള്‍പ്പടെ ഇതിലുണ്ടായിരുന്നു.
സമീപത്തെ നാല് വീടുകളും അപകട ഭീഷണി നേരിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജില്ലയിൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ രാത്രികാല യാത്രയ്‌ക്ക് നിയന്ത്രണവും വിനോദ സഞ്ചാര മേഖലയിലേക്കുള്ള പ്രവേശനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രാനിയന്ത്രണം. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നല്‍കിയിട്ടുണ്ട്.