ഇടുക്കി : ഇടുക്കിയിൽ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട മഹേന്ദ്രന്‍റെ സുഹൃത്തുക്കളായ ബൈസൺവാലി ഇരുപതേക്കർ കളപ്പുരയിൽ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതിനെ തുടർന്ന് മരിച്ച മഹേന്ദ്രന്‍റെ മൃതദേഹം പ്രതികൾ കുഴിച്ചിടുകയായിരുന്നു.
വെടി ഉതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം 27നാണ് ബൈസൺവാലി ഇരുപതേക്കർ സ്വദേശിയായ മഹേന്ദ്രൻ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ സാംജി, ജോമി, മുത്തയ്യ എന്നിവർക്കൊപ്പം മൂന്നാർ പോതമേട്ടിൽ വേട്ടയ്‌ക്ക് എത്തിയതായിരുന്നു ഇയാൾ.
തങ്ങളുടെ സമീപത്ത് നിന്നും ദൂരെ ആയിരുന്ന മഹേന്ദ്രന്‍റെ കോട്ടിന്‍റെ ബട്ടൻസ് ടോർച്ച് വെളിച്ചത്തിൽ മൃഗത്തിന്‍റെ കണ്ണായി തെറ്റിദ്ധരിച്ച് വെടി ഉതിർക്കുകയായിരുന്നുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മഹേന്ദ്രന്‍റെ ഇടത് നെഞ്ചിലാണ് വെടിയേറ്റത്. പിന്നീട് സംഭവം പുറത്തറിയാതിരിക്കാനായി മൃതദേഹം ഇവിടെ തന്നെ കുഴിച്ചിടുകയായിരുന്നു.
മഹേന്ദ്രനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. രാജാക്കാട് പൊലീസ് വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയപ്പോൾ പ്രതികളും ഇതില്‍ പങ്കെടുത്തിരുന്നു. മഹേന്ദ്രനെ കാണാതായ ദിവസം പ്രതികൾക്കൊപ്പം ഇയാൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
പ്രതികളുമായി സംഭവ സ്ഥലത്ത് എത്തിയാണ് മണ്ണിനടിയിൽ നിന്നും മൃതദേഹം വീണ്ടെടുത്തത്. വെടി ഉതിർക്കാൻ ഉപയോഗിച്ച തോക്കും അനുബന്ധ വസ്‌തുക്കളും സമീപത്ത് നിന്ന് കണ്ടെടുത്തു. പ്രതികളെ നാളെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.