ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ മാങ്ങാപ്പാറ ആദിവാസി ഊരിലേക്ക് എത്തണമെങ്കില്‍ പുഴ മുറിച്ചുകടക്കണം. കാല്‍നടയും വാഹനയാത്രയുമൊക്കെ ഇതുതന്നെ സ്ഥിതി. പുഴക്ക് കുറുകെ പാലം വേണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത് കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് അധികൃതരുടേത്.
പാലമില്ലാത്തതിനാല്‍ വാഹനത്തില്‍ പോവുകയാണെങ്കില്‍ തന്നെ കുതിച്ചൊഴുകുന്ന പുഴയിലൂടെ, ജീവന്‍ പണയത്തില്‍ വച്ചുവേണം മറുകര കടക്കാന്‍. ഊരില്‍ നിന്നും ആനക്കുളത്തെത്തിയാണ് നിവാസികളുടെ പുറംലോകത്തേക്കുള്ള യാത്ര. ആനക്കുളത്ത് നിന്നും പരിമിതമായ യാത്രാസൗകര്യം മാത്രമേ മാങ്ങാപ്പാറയിലേക്കുള്ളൂ. മഴക്കാലത്താണ് വലിയ ദുരിതം.
മഴകനത്താൽ കുട്ടികളുടെ സ്‌കൂള്‍ യാത്രയും ആശുപത്രിയിലെത്താനുള്ള യാത്രയും പ്രതിസന്ധിയിലാകും. പ്രദേശവാസികളും വാഹന ഡ്രൈവര്‍മാരും ചേര്‍ന്ന് പുഴയിലെ കുഴികളില്‍ കല്ലുകളിട്ട് നികത്തിയാണ് താത്‌കാലിക യാത്ര ഒരുക്കിയിട്ടുള്ളത്. ഈ വേനൽക്കാലത്തെങ്കിലും പാലമെന്ന തങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാക്കണമെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.